തിരുവനന്തപുരം: 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ, തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടം. പക്ഷേ അവിടെനിന്ന് കളിയുടെ ഗതി പൂർണമായി മാറ്റിയത് മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ്. തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിനെതിരെ ആലപ്പി റിപ്പിൾസിന് നാല് വിക്കറ്റ് ജയം. 20 ഓവറിൽ 213/5 നേടിയ കാലിക്കറ്റിനെതിരെ 19.3 ഓവറിൽ 215/4 എന്ന സ്കോർ നേടി ആലപ്പി വിജയിച്ചു. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി. 60 പന്തിൽ അഞ്ച് ഫോറും പത്ത് സിക്‌സും സഹിതം പുറത്താകാതെ 112 റൺസെടുത്ത അസ്ഹറുദ്ദീനാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും വരുൺ നായനാരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 51 പന്തിൽ 96 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 36 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 62 റൺസെടുത്ത വരുൺ സീസണിലെ ആദ്യ ഫിഫ്റ്റി നേടി. രോഹൻ 42 റൺസെടുത്തു. തുടർന്ന് അഖിൽ സ്‌കറിയയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് കാലിക്കറ്റിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 38 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും സഹിതം 72 റൺസെടുത്ത അഖിൽ, അവസാന ഓവറിലെ അവസാന നാല് പന്തുകളിൽ മൂന്ന് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് നേടിയത്. ഇതോടെ കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസിലെത്തി.
ALSO READ;‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ
മറുപടി ബാറ്റിങ്ങിൽ ആലപ്പിക്ക് തുടക്കത്തിൽ തന്നെ ആകാശ് പിള്ളയെയും പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയെയും നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനും അക്ഷയ് ടി.കെ.യും ചേർന്ന് 49 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്തതോടെ മത്സരത്തിന്റെ നിയന്ത്രണം ആലപ്പി ഏറ്റെടുത്തു. അക്ഷയ് 43 റൺസെടുത്ത് പുറത്തായി. പിന്നീട് കെ.എ. അരുണിനൊപ്പം ചേർന്ന അസ്ഹർ ആക്രമണം തുടർന്നു. 15 ഓവർ പൂർത്തിയാകുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ 30 പന്തിൽ 67 റൺസായിരുന്നു ആലപ്പിക്ക് വേണ്ടിയിരുന്നത്. വിജയത്തിന് 22 റൺസ് മാത്രം അകലെ അരുൺ 14 പന്തിൽ 31 റൺസെടുത്ത് പുറത്തായെങ്കിലും അസ്ഹർ പിന്നോട്ടില്ലായിരുന്നു.
മൂന്ന് പന്തുകൾ ബാക്കിനിൽക്കെ അസ്ഹറുദ്ദീൻ ആലപ്പിയെ വിജയത്തിലെത്തിച്ചു. ഈ സീസണിലെ അസ്ഹറിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒരു കെസിഎൽ സീസണിൽ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും ഇതോടെ അസ്ഹർ മാറി. ആദ്യ സീസണിൽ സച്ചിൻ ബേബിയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. മത്സരത്തിനിടെ കെസിഎല്ലിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും അസ്ഹറിനെ തേടിയെത്തി. കാലിക്കറ്റിനായി ഹരികൃഷ്ണൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 213 റൺസ് പിന്തുടർന്ന് നേടിയ ഈ ജയം ആലപ്പിയുടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
The post തകർപ്പൻ സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ! 213 റൺസ് പിന്തുടർന്ന് കാലിക്കറ്റിനെ വീഴ്ത്തി ആലപ്പി appeared first on Express Kerala.




