ദിവസവും അപ്പവും പുട്ടും ചപ്പാത്തിയും കഴിച്ച് മടുത്തോ? വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കണം എന്ന് തോന്നിയാലും പലപ്പോഴും നമ്മൾ ശീലിച്ചുപോയ പഴയ വിഭവങ്ങളിലേക്ക് തന്നെ മടങ്ങുകയാണ് പതിവ്. എന്നാൽ കഠിനമായ അധ്വാനമോ തലേദിവസത്തെ ഒരുക്കങ്ങളോ ഇല്ലാതെ തന്നെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നമുക്ക് തയ്യാറാക്കാം.
നമ്മുടെ ഭക്ഷണക്രമത്തിൽ പലപ്പോഴും അർഹിച്ച പരിഗണന ലഭിക്കാതെ പോകുന്ന ഒന്നാണ് മധുരക്കിഴങ്ങ്. വെറുമൊരു നാലുമണി പലഹാരമായി മാത്രം കാണാതെ, പോഷകസമൃദ്ധമായ ഒരു പ്രഭാതഭക്ഷണമായി ഇതിനെ മാറ്റാവുന്നതാണ്. മധുരക്കിഴങ്ങ് വെറുതെ പുഴുങ്ങി കഴിക്കുന്നതിനേക്കാൾ ഗുണകരവും രുചികരവുമാണ് മറ്റ് ചില വിഭവങ്ങൾക്കൊപ്പം ചേർക്കുന്നത്. പോഷകങ്ങൾ കൃത്യമായി ശരീരത്തിന് ലഭിക്കാൻ സഹായിക്കുന്ന ചില കോമ്പിനേഷനുകൾ ഇതാ:
മുട്ടയും പച്ചക്കറികളും
പുഴുങ്ങിയ മുട്ടയോടൊപ്പം എണ്ണയിൽ ചെറുതായി വാട്ടിയോ ആവിയിൽ വേവിച്ചോ എടുത്ത മധുരക്കിഴങ്ങ് കഴിക്കുന്നത് മികച്ചൊരു പ്രഭാതഭക്ഷണമാണ്.
കൂടുതൽ രുചിക്ക്: ഇതിനൊപ്പം ആവിയിൽ പുഴുങ്ങിയ കാരറ്റ്, മഷ്റൂം എന്നിവ കൂടി ചേർത്താൽ പോഷകഗുണം വർദ്ധിക്കും.
ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ കട്ടിത്തൈര്
പ്രോട്ടീന്റെയും പ്രൊബയോട്ടിക്കിന്റെയും മികച്ച ഉറവിടമാണ് ഗ്രീക്ക് യോഗർട്ട്.
ഉപയോഗിക്കേണ്ട വിധം: മധുരക്കിഴങ്ങ് ഫ്രൈസ് (Sweet Potato Fries) ആയി തയ്യാറാക്കുകയാണെങ്കിൽ ഗ്രീക്ക് യോഗർട്ട് ഒരു ‘ഡിപ്’ (Dip) ആയി ഉപയോഗിക്കാം.
ഗുണങ്ങൾ: ഇത് ദഹനപ്രക്രിയ സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Also Read: പച്ചക്കറികളില്ലേ? പേടിക്കേണ്ട, അഞ്ച് മിനിറ്റിൽ തയ്യാറാക്കാം നാടൻ ‘ഉപ്പുമാങ്ങ അരച്ചുകലക്കി’
നട്ട്സിനും വിത്തുകൾക്കുമൊപ്പം
ബദാം, വാൾനട്സ്, മത്തൻ വിത്തുകൾ എന്നിവയിലേക്ക്, റോസ്റ്റ് ചെയ്ത് ഉടച്ച മധുരക്കിളങ്ങ് ചേർക്കാം. ഇവ ബ്രെഡ് സ്പ്രെഡ് ആയി കഴിക്കാം.
പനീർ
പ്രോട്ടീനും നാരുകളും ഒരുപോലെ ലഭിക്കുന്ന മികച്ചൊരു ഭക്ഷണമാണ് പനീറും മധുരക്കിഴങ്ങും ചേർന്നുള്ള കൂട്ട്. പാനിൽ വറുത്തെടുത്ത പനീർ കഷ്ണങ്ങളും റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങും ചേർത്ത് സാലഡ് തയ്യാറാക്കാവുന്നതാണ്.
കടല
മധുരക്കിഴങ്ങും കടലയും, വിശപ്പടക്കാൻ സഹായിക്കുന്ന ഒരു വിഭവമാണ്. റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങ്, പുഴുങ്ങിയ കടല എന്നിവയോടൊപ്പം ഉപ്പ്, കുരുമുളക്, നാരങ്ങാനീര്, ഇലക്കറികൾ എന്നിവ ചേർത്ത് ആരോഗ്യകരമായ ഒരു സാലഡ് ബൗൾ തയ്യാറാക്കാവുന്നതാണ്.
മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ
ശരാശരി ഒരാൾക്ക് ഒരു ദിവസം വേണ്ടതിന്റെ നാല് മടങ്ങധികം വിറ്റാമിൻ എ ഒരു മധുരക്കിഴങ്ങിലൂടെ ലഭിക്കുന്നു.
പൊട്ടാസ്യം അടക്കമുള്ള ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
നാരുകൾ ധാരാളം ഉള്ളതിനാൽ അമിതവണ്ണം കുറയ്ക്കുവാൻ സഹായിക്കും.
മറ്റ് കിഴങ്ങുവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നാരിന്റെ അളവ് മധുരക്കിഴങ്ങിൽ കൂടുതലാണ്. ഇത് ദഹനം സുഗമമാക്കുന്നു.
വിറ്റാമിൻ എ, ബി, സി എന്നിവയുടെ ഗുണഫലങ്ങൾ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു.
അനവധി ആന്റി ഓക്സിഡന്റുകളുടെ കലവറ ആയതിനാൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങിൽ ഉള്ള ആന്തോസയാനിൻ, കോളോറെക്ടൽ ക്യാൻസർ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് മധുരക്കിഴങ്ങ്.
ഇതിലെ ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകളുണ്ടാകുന്നത് തടയും.
ഇതിലടങ്ങിയ വൈറ്റമിൻ സി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
അമിതമായി എണ്ണ ഉപയോഗിക്കാതെ, കിഴങ്ങ് വേവിച്ചു കഴിക്കുന്നതാണ് നല്ലത്.
ഗ്ലൈസിമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം.
The post ബ്രേക്ക്ഫാസ്റ്റ് ഇനി വെറൈറ്റിയാക്കാം; മധുരക്കിഴങ്ങ് കൊണ്ടുള്ള ചില കിടിലൻ കോമ്പിനേഷനുകൾ appeared first on Express Kerala.



