
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഹായം നിരസിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ തൃശൂർ പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച് നൽകിയ വീട് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി.
തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ച് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ കൊച്ചുവേലായുധൻ സമീപിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്റെ പണിയല്ല എന്നുപറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചു. വീടിനായി കുടുംബം നൽകിയ അപേക്ഷ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിരസിച്ച വാർത്ത നേരത്തെ വലിയ ചർച്ചയായിരുന്നു. മന്ത്രി അപേക്ഷ നിരസിച്ച പശ്ചാത്തലത്തിൽ കുടുംബത്തിന് സഹായവുമായി സിപിഎം രംഗത്തെത്തുകയും പാർട്ടി മുൻകൈയെടുത്ത് വീട് നിർമ്മിച്ചു നൽകുകയുമായിരുന്നു. പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ പുതിയ വീടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
The post സുരേഷ് ഗോപി നിരസിച്ച അപേക്ഷ സിപിഎം ഏറ്റെടുത്തു; കൊച്ചുവേലായുധന് ഇനി സ്വന്തം വീട്, താക്കോൽ കൈമാറി appeared first on Express Kerala.



