പുതുവത്സരദിനത്തിൽ കാണാതായ ഇന്ത്യൻ വംശജയായ യുവതിയെ മെരിലാൻഡിലെ അപ്പാർട്ടുമെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എല്ലികോട്ട് സിറ്റിയിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല (27) ആണ് മുൻ കാമുകൻ അർജുൻ ശർമയുടെ (26) അപ്പാർട്ടുമെന്റിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ ഇന്ത്യയിലേക്ക് കടന്നതായി ഹൊവാർഡ് കൗണ്ടി പോലീസ് അറിയിച്ചു.
നികിതയെ കാണാനില്ലെന്ന് കാണിച്ച് ജനുവരി രണ്ടിന് അർജുൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. ഡിസംബർ 31ന് രാത്രി നികിത തന്റെ അപ്പാർട്ടുമെന്റിൽ എത്തിയിരുന്നെന്നും പിന്നീട് പോയ ശേഷം വിവരമൊന്നുമില്ലെന്നുമായിരുന്നു അർജുന്റെ മൊഴി. എന്നാൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെ ഇയാൾ ഡാലസ് വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു.
Also Read: ജാതി മാറി വിവാഹം; മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് അമ്മ
പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ജനുവരി മൂന്നിന് അർജുന്റെ അപ്പാർട്ടുമെന്റിൽ പരിശോധന നടത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 31-ന് വൈകുന്നേരം ഏഴുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതിയെ ഇന്ത്യയിൽ നിന്ന് പിടികൂടി തിരികെ അമേരിക്കയിൽ എത്തിക്കാനുള്ള നടപടികൾ ഹൊവാർഡ് കൗണ്ടി പോലീസ് ആരംഭിച്ചു. ഇതിനായി യുഎസ് ഫെഡറൽ ഏജൻസികളുടെയും ഇന്റർപോളിന്റെയും സഹായം തേടിയിട്ടുണ്ട്. ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും നികിതയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നൽകുന്നുണ്ടെന്നും വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റുചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി.
The post അമേരിക്കയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ; കൊലപ്പെടുത്തിയത് മുൻ കാമുകൻ appeared first on Express Kerala.



