
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും പിടിക്കപ്പെട്ടതിന് പിന്നാലെ, അമേരിക്കയുടെ അടുത്ത ലക്ഷ്യം ഗ്രീൻലാൻഡാകുമോ എന്ന ആശങ്കകൾ അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്. അമേരിക്കൻ പ്രസിഡന്റ ഡോണൾഡ് ട്രംപ് ‘ആധിപത്യം’ ഉറപ്പിക്കുന്നതിനായി വെനിസ്വേലയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുതിയ പ്രസ്താവനകളും സംഭവവികാസങ്ങളും നൽകുന്നത്. ലാറ്റിൻ അമേരിക്കയിൽ നിന്ന് ആർട്ടിക് മേഖലയിലേക്ക് വരെ വ്യാപിക്കുന്ന ട്രംപിന്റെ പരാമർശങ്ങൾ, അമേരിക്കയുടെ വിദേശനയത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നിവയെ തന്റെ ലക്ഷ്യങ്ങളായി ട്രംപ് പരസ്യമായി പരാമർശിച്ചതിന് പിന്നാലെയാണ്, ഗ്രീൻലാൻഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഴയതും വിവാദപരവുമായ നിലപാട് വീണ്ടും ചർച്ചയാകുന്നത്. “നമുക്ക് ഗ്രീൻലാൻഡ് തീർച്ചയായും ആവശ്യമാണ്. അത് നമ്മുടെ പ്രതിരോധത്തിന് അനിവാര്യമാണ്,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. റഷ്യൻ, ചൈനീസ് കപ്പലുകൾ വർധിച്ചുവരുന്നതാണ് ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനത വർധിപ്പിക്കുന്നതെന്നും, പശ്ചിമാർദ്ധഗോളത്തെ എതിരാളികളായ ശക്തികളിൽ നിന്ന് സംരക്ഷിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്നും ട്രംപ് ഊന്നിപ്പറഞ്ഞു.
ഈ പ്രസ്താവനകൾക്കിടയിലാണ് ഒരു പുതിയ നയതന്ത്ര വിവാദം പൊട്ടിപ്പുറപ്പെട്ടത്. വെനിസ്വേല അധിനിവേശത്തിന് മണിക്കൂറുകൾക്ക് ശേഷം, ഗ്രീൻലാൻഡിന് മുകളിൽ അമേരിക്കൻ പതാക വരച്ച ഒരു ചിത്രം ട്രംപിന്റെ ഉപദേഷ്ടാവിന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ചിത്രം ഡെൻമാർക്കിൽ ശക്തമായ പ്രതിഷേധത്തിനും അസ്വസ്ഥതയ്ക്കും കാരണമായി. ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായതിനാൽ, ഇത്തരമൊരു പ്രതീകാത്മക പോസ്റ്റും അതിനോടൊപ്പം വന്ന ട്രംപിന്റെ പരാമർശങ്ങളും ഡെൻമാർക്കിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന വിമർശനമാണ് ഉയർന്നത്.

ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ ട്രംപിന്റെ പ്രസ്താവനയെ തുറന്നടിച്ചു. “അമേരിക്ക ഗ്രീൻലാൻഡ് ഏറ്റെടുക്കണമെന്ന ചർച്ചയ്ക്ക് യാതൊരു അർത്ഥവുമില്ല. നമ്മുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ല,” എന്നാണ് ഫ്രെഡറിക്സെൻ പ്രതികരിച്ചത്. അമേരിക്കൻ പതാകയിൽ പൊതിഞ്ഞ ഗ്രീൻലാൻഡിന്റെ ചിത്രം പങ്കുവെച്ചത് യാഥാർത്ഥ്യത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും, ഡെൻമാർക്കിന്റെ നിലപാട് വ്യക്തവും ഉറച്ചതുമാണെന്നും അവർ വ്യക്തമാക്കി.
ഗ്രീൻലാൻഡിനോടുള്ള ട്രംപിന്റെ താൽപര്യം പുതുതല്ല. അപൂർവ ഭൂമിദാതുക്കൾ, എണ്ണ, വാതകം തുടങ്ങിയ വിഭവങ്ങളുടെ വലിയ ശേഖരം ഗ്രീൻലാൻഡിലുണ്ടെന്നത് അദ്ദേഹം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ഗ്രീൻലാൻഡിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ വ്യോമതാവളം (Thule Air Base) അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക പങ്ക് വഹിക്കുന്നതായും അമേരിക്ക ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ചേർന്നാണ് ഗ്രീൻലാൻഡിനെ ഒരു സുരക്ഷാ-ഭൂതന്ത്ര കേന്ദ്രമായി ട്രംപ് ഭരണകൂടം കാണുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്.
അതേസമയം, ക്യൂബയെ കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകളും സംഘർഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ക്യൂബ “ഇപ്പോൾ ഒരു വീഴുന്ന രാഷ്ട്രമാണ്” എന്നായിരുന്നു ട്രംപിന്റെ പരാമർശം. മുൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ വർഷം തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്തിരുന്നുവെങ്കിലും, ട്രംപ് അധികാരമേറ്റ ആദ്യ ദിവസങ്ങളിൽ തന്നെ ആ പദവി പുനഃസ്ഥാപിച്ചു. ഇതിനെ തുടർന്ന്, മേഖലയിലെ എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ക്യൂബ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “എല്ലാവരുടെയും മേൽ ഭീഷണി നിലനിൽക്കുന്ന കാലഘട്ടമാണിത്” എന്നാണ് ക്യൂബയുടെ ഔദ്യോഗിക പ്രതികരണം.
വെനിസ്വേലയിലെ സൈനിക നീക്കം, ഗ്രീൻലാൻഡിനെക്കുറിച്ചുള്ള പരാമർശങ്ങൾ, ക്യൂബയെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള കടുത്ത ഭാഷ ഇവയെല്ലാം ചേർന്നാണ് ട്രംപ് ഭരണകൂടം ഒരു വിപുലമായ ആധിപത്യ നയത്തിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തൽ ശക്തമാകുന്നത്. വെനിസ്വേലയ്ക്ക് ശേഷം ഗ്രീൻലാൻഡ് ആകുമോ അടുത്ത ലക്ഷ്യം എന്ന ചോദ്യം ഇപ്പോൾ വെറും അനുമാനം മാത്രമല്ല; ആഗോള നയതന്ത്ര വൃത്തങ്ങളിൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു സാധ്യതയായി മാറുകയാണ്.
The post വിൽക്കാനില്ലെന്ന്’ ഡെൻമാർക്ക്, ‘വേണമെന്ന്’ ട്രംപ്; ലോകത്തെ മുൾമുനയിൽ നിർത്തി ഗ്രീൻലാൻഡ് തർക്കം; മഡുറോയെ വീഴ്ത്തി, ഇനി ലക്ഷ്യം ഗ്രീൻലാൻഡ്? appeared first on Express Kerala.



