
ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ കിരീടം മാറ്റി വെച്ച് ചൈനീസ് കമ്പനിയായ ബിവൈഡി. വർഷങ്ങളായി വിപണി ഭരിച്ചിരുന്ന ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്തള്ളിയാണ് ബിവൈഡി ലോകത്തിലെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ നിർമ്മാതാക്കളായി മാറിയത്. ടെസ്‌ലയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ ബിവൈഡി വൻ കുതിപ്പാണ് നടത്തുന്നത്.
Also Read: പൊള്ളുന്ന പൊന്ന്! രണ്ടുദിവസത്തിനിടെ പവന് 2200 രൂപ വർധിച്ചു; ഇന്നത്തെ വില അറിയാം
തുടർച്ചയായ രണ്ടാം വർഷമാണ് ടെസ്‌ലയുടെ ആഗോള വിൽപ്പനയിൽ ഇടിവ് സംഭവിക്കുന്നത്. യുഎസിലെ വിൽപ്പനയിൽ മാത്രം 9 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന്റെ പ്രധാന കാരണങ്ങളായി ഡൊണാൾഡ് ട്രംപ് ഭരണകൂടം 7,500 ഡോളറിന്റെ ഇലക്ട്രിക് വാഹന നികുതി ഇളവുകൾ ക്രമേണ നിർത്തലാക്കിയത് ടെസ്‌ലയ്ക്ക് വലിയ തിരിച്ചടിയായി. ഇലോൺ മസ്കിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളും ട്രംപ് ഭരണകൂടവുമായുള്ള അടുത്ത ബന്ധവും ടെസ്‌ലയുടെ പ്രതിച്ഛായയെ ബാധിച്ചു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയേറ്റ മസ്കിനെതിരെ പരിസ്ഥിതി പ്രവർത്തകരും ഉപഭോക്താക്കളും രംഗത്തെത്തി. മസ്കിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പരിസ്ഥിതി സൗഹൃദ ഉപഭോക്താക്കൾ ടെസ്‌ലയെ കൈവിട്ടു. പ്രതിഷേധങ്ങൾ ശക്തമായതോടെ 2025 മെയ് മാസത്തിൽ മസ്കിന് സർക്കാർ പദവിയിൽ നിന്ന് രാജിവെക്കേണ്ടി വന്നു.
ടെസ്‌ല കിതയ്ക്കുമ്പോൾ ചൈനീസ് കരുത്തിൽ ബിവൈഡി മുന്നേറുകയാണ്. 2025-ലെ കണക്കുകൾ പ്രകാരം ബിവൈഡിയുടെ വിൽപ്പന 28 ശതമാനം വർധിച്ച് 2.64 ദശലക്ഷം യൂണിറ്റുകളിലെത്തി. 2025 അവസാനത്തോടെ ആഗോള വിൽപ്പനയിൽ 7.7 ശതമാനം വർധനവ് നേടി 4.6 ദശലക്ഷം യൂണിറ്റുകൾ എന്ന നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷവോമി, ഗീലി തുടങ്ങിയ ചൈനീസ് കമ്പനികളിൽ നിന്നുള്ള മത്സരം നേരിടാൻ പുതിയ ഫെയ്‌സ്‌ലിഫ്റ്റുകളും പുതുതലമുറ മോഡലുകളും പുറത്തിറക്കാൻ ബിവൈഡി ഒരുങ്ങുകയാണ്.
കഴിഞ്ഞ പാദത്തിൽ ടെസ്‌ല ലോകമെമ്പാടും 418,227 വാഹനങ്ങൾ വിറ്റഴിച്ചു. ഇതിൽ 90 ശതമാനവും മോഡൽ 3, മോഡൽ വൈ എന്നിവയായിരുന്നു. വിശകലന വിദഗ്ധർ പ്രവചിച്ചതിനേക്കാൾ ഉയർന്ന വിൽപ്പനയാണിതെങ്കിലും ബിവൈഡിയുടെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്‌ല പിന്നിലാണ്. 2025-ൽ 1.6 ദശലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ടെസ്‌ല ഇപ്പോൾ നീങ്ങുന്നത്.
The post മസ്കിനെ വീഴ്ത്തി ചൈനീസ് കരുത്ത്; ലോകത്തിലെ ഒന്നാം നമ്പർ ഇവി കമ്പനിയായി ബിവൈഡി! appeared first on Express Kerala.



