
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന സി.പി.ഐ.എം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തി. ബി.ജെ.പി പോലും പറയാൻ മുതിരാത്ത കാര്യങ്ങളാണ് എ.കെ. ബാലൻ വിളിച്ചുപറയുന്നതെന്നും ഇതിനെല്ലാം ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. വിഴിഞ്ഞത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗം ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അപകീർത്തികരമായ പരാമർശം നടത്തിയതിന് എ.കെ. ബാലനെതിരെ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട നോട്ടീസിൽ, ഏഴ് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എ.കെ. ബാലനെക്കൊണ്ട് ഇത്തരമൊരു വർഗീയ പ്രസ്താവന പറയിച്ചതാണെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിലെ തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാതെ സി.പി.ഐ.എം നേതാക്കൾ ഇരുട്ടിൽ തപ്പുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിൽ എസ്.ഡി.പി.ഐ പിന്തുണ തേടിയ സി.പി.ഐ.എം ഇപ്പോൾ സമൂഹത്തിൽ വർഗീയ വിഷം കലർത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഇടപെടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
The post ബി.ജെ.പി പോലും പറയാൻ മുതിരാത്ത കാര്യങ്ങളാണ് എ.കെ. ബാലൻ വിളിച്ചുപറയുന്നത്; ഷാഫി പറമ്പിൽ appeared first on Express Kerala.



