പേടിക്കണം….എ ഐ എന്നാല്‍ ഏലിയന്‍ ഇന്റലിജന്‍സ്’; ലോകം നേരിടുന്നത് സിനിമയെ വെല്ലുന്ന വെല്ലുവിളിയെന്ന് ബില്‍ ഗേറ്റ്സ്
Current: മലയാളം

വാഷിങ്ടണ്‍: മനുഷ്യജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നേരിടാന്‍ ലോകത്തെ ഒരു സര്‍ക്കാരും ഇപ്പോഴും സജ്ജമായിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സ്. എ ഐയുടെ അതിവേഗ വളര്‍ച്ച മനുഷ്യരാശിക്ക് അസാധാരണ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം നിയന്ത്രണാതീതമായ അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അടുത്തകാലംവരെ എ ഐയുടെ സാധ്യതകളെ ഏറെ പ്രതീക്ഷയോടെയാണ് ഗേറ്റ്സ് കണ്ടിരുന്നത്. എന്നാല്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റവേഗവും അതുണ്ടാക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളും അദ്ദേഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. വ്യാപകമായ തൊഴില്‍നഷ്ടം, എ ഐ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍, മനുഷ്യര്‍ എ ഐ കൂട്ടാളികളോട് അമിതമായി വൈകാരികമായി ആശ്രയിക്കുന്ന സാഹചര്യം എന്നിവയാണ് ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്ന പ്രധാന ഭീഷണികള്‍.
എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഗേറ്റ്സ് വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ പദ്ധതിയുണ്ട്. ലോകത്തെ പ്രധാന ശക്തികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് എ ഐ നിയന്ത്രണത്തിനായി ഒരുമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
എ ഐയെ ‘അറിഞ്ഞവര്‍’ അധികമില്ല
എ ഐ ആവശ്യപ്പെടുന്ന ഗൗരവത്തോടെയും ആഴത്തോടെയും വിഷയത്തെ സമീപിക്കുന്ന ഒരു സര്‍ക്കാര്‍പോലും നിലവിലില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗേറ്റ്സ് തുറന്നടിച്ചു. സാങ്കേതികവിദ്യ എത്ര വേഗത്തിലാണ് മുന്നേറുന്നതെന്നും അത് ഭരണകൂടങ്ങളെയും തൊഴില്‍മേഖലയെയും സമൂഹത്തെയും എങ്ങനെ മാറ്റിമറിക്കുമെന്നും കൃത്യമായി മനസ്സിലാക്കിയവര്‍ വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ ഐയെ നിയന്ത്രിതമായും ഉത്തരവാദിത്വത്തോടെയും വിനിയോഗിച്ചാല്‍ ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകുമെന്നും ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കാനുള്ള ശക്തമായ ആയുധമായി എ ഐ മാറാം.
ആരോഗ്യമേഖലയിലാണ് ഏറ്റവും വലിയ സാധ്യതകളിലൊന്ന്. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗനിര്‍ണയത്തിലും ചികിത്സയിലും സഹായം നല്‍കുന്നതുമുതല്‍ പുതിയ മരുന്നുകളും വാക്സിനുകളും കണ്ടെത്തുന്നതുവരെ എ ഐ നിര്‍ണായക പങ്കുവഹിക്കാം. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്കുപോലും മികച്ച ആരോഗ്യപരിചരണം എത്തിക്കാനും ഇതിലൂടെ സാധിച്ചേക്കും.
എ ഐ എന്നാല്‍ ഏലിയന്‍ ഇന്റലിജന്‍സ്’
എ ഐയുടെ വരവിനെ ഒരു വമ്പന്‍ ദുരന്തചലച്ചിത്രത്തോടാണ് ബില്‍ ഗേറ്റ്സ് ഉപമിച്ചത്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമ്പോള്‍ അവരെ നേരിടാന്‍ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കുന്ന കഥകള്‍ നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെതന്നെ ലോകം എ ഐയുടെ കാര്യത്തിലും ഒന്നിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
”എ ഐ ഒരു അന്യഗ്രഹ ബുദ്ധിശക്തിയെപ്പോലെയാണ്. അത് ഇനി വരാനിരിക്കുന്നതല്ല; ഇവിടെ എത്തിക്കഴിഞ്ഞു. സിനിമകളില്‍ അന്യഗ്രഹ ഭീഷണിയെ നേരിടാന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്നതുപോലെ നമ്മളും പ്രവര്‍ത്തിക്കുന്നതാണ് നല്ലത്,” ഗേറ്റ്സ് പറഞ്ഞു. രാജ്യങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിയമങ്ങള്‍ നിര്‍മിച്ചാല്‍ മാത്രം മതിയാകില്ലെന്നും ആഗോളതലത്തിലുള്ള ശക്തമായ സഹകരണവും നിയന്ത്രണസംവിധാനവും ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എ ഐ ജനങ്ങളിലെത്തിക്കാന്‍ 100 കോടി ഡോളര്‍
ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം എ ഐയുടെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കാനും ഗേറ്റ്സ് ഫൗണ്ടേഷന്‍ വന്‍പദ്ധതി പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 100 കോടി ഡോളര്‍ ഇതിനായി ചെലവഴിക്കും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായിരിക്കും പ്രധാനമായും ധനസഹായം നല്‍കുക.
പ്രതിവര്‍ഷം 900 കോടി ഡോളര്‍ ചെലവഴിക്കാനുള്ള ഫൗണ്ടേഷന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ എ ഐ നിക്ഷേപം. മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ പ്രയോജനം ലോകത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കും എത്തിക്കണമെന്ന ഇരട്ടദൗത്യമാണ് ബില്‍ ഗേറ്റ്സ് മുന്നോട്ടുവയ്ക്കുന്നത്.




