ധനുഷ് ചിത്രത്തിന് പേരിട്ടതിൽ നെറ്റിസൺസിനെ പരിഹസിച്ച് സംവിധായകൻ തമിഴരശൻ പച്ചമുത്തു, “എ’ സർട്ടിഫിക്കെറ്റ് വിവാദത്തിനും മറുപടി
Current: മലയാളം

ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകി സംവിധായകൻ തമിഴരശൻ പച്ചമുത്തു. ‘ലബ്ബർ പന്ത്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തമിഴരശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘പടൈയൽ’ എന്ന് പേരിട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതൊരു റോ ആൻഡ് വയലന്റ് ആക്ഷൻ ചിത്രമായിരിക്കുമെന്നും സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുമായിരുന്നു ഓൺലൈൻ ചാനലുകളിലെയും സോഷ്യൽ മീഡിയയിലെയും പ്രചരണം. ഇതിനാണ് തമാശരൂപേണയുള്ള പ്രതികരണവുമായി സംവിധായകൻ തന്നെ നേരിട്ടെത്തിയത്.
“പടൈയൽ – കൊള്ളാമല്ലോ, ഇതെന്താ ഞാൻ ചിന്തിക്കാതിരുന്നത്? എന്നാപ്പിന്നെ ‘തമിഴരശൻ പച്ചമുത്തു പടൈയൽ’ എന്ന് തന്നെ പേരിട്ടേക്കാം, നന്ദി” എന്നായിരുന്നു എക്സിലൂടെ അദ്ദേഹത്തിന്റെ മറുപടി. ചിത്രത്തിന്റെ നിർമാതാവായ അരുൺ വിശ്വയും ഈ പോസ്റ്റിന് രസകരമായ കമന്റുമായി എത്തിയിട്ടുണ്ട്.
ധനുഷിന്റെ കരിയറിലെ 56-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്റ്റ് താൽക്കാലികമായി ‘ഡി56’ എന്നാണ് അറിയപ്പെടുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹരീഷ് കല്യാൺ, ദിനേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴരശൻ ഒരുക്കിയ ‘ലബ്ബർ പന്ത്’ തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു.




