
വിവാദങ്ങൾക്കും പാർട്ടിയിലെ ആഭ്യന്തര ചർച്ചകൾക്കും വിരാമമിട്ട് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് പുതിയ ഓഫീസ് മന്ദിരത്തിലേക്ക് മാറി. മരുതുകുഴിയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് ഇനി മുതൽ പ്രവർത്തിക്കുക. വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിക്കുള്ളിൽ തന്നെ ഈ വിഷയം വലിയ ചർച്ചയാവുകയും അണികൾക്കിടയിൽ അതൃപ്തി ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസ് മാറുന്നതാണ് ഉചിതമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശിച്ചത്.
പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ടെന്നും ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുമെന്നും എംഎൽഎ വ്യക്തമാക്കി. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post വിവാദമല്ല വികസനമാണ് വലുത്; വട്ടിയൂർക്കാവിൽ ഓഫീസ് മാറി വി.കെ. പ്രശാന്ത് appeared first on Express Kerala.



