"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയര്‍ലണ്ടിലെ സ്‌കൂളിലെ ഭക്ഷണം കുട്ടികള്‍ക്ക് വേണ്ട , ദിവസേനെ ഒരു ലക്ഷം ഹോട്ട് സ്‌കൂള്‍ മീല്‍സ് പാഴാകുന്നുവെന്ന് റിപ്പോര്‍ട്ട്

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഹോട്ട് സ്‌കൂള്‍ മീല്‍സില്‍ ഏകദേശം ഒരു ലക്ഷം ഫുഡ് കുട്ടികള്‍ കഴിക്കാതെ പാഴായി പോകുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലീകരിച്ച പദ്ധതിയില്‍ വന്‍തോതില്‍ ഭക്ഷണം പാഴാകുന്നതായാണ് കണ്ടെത്തല്‍.

ഏകദേശം 5.5 ലക്ഷം കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഹോട്ട് സ്‌കൂള്‍ മീല്‍സ് പദ്ധതിക്കായി വര്‍ഷം €280 മില്യനിലേറെ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം, അളവ്, കുട്ടികളുടെ ഇഷ്ടങ്ങള്‍ എന്നിവ വേണ്ടവിധം പരിഗണിക്കാത്തതാണ് ഭക്ഷണം ഉപേക്ഷിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുടെ ഭാഗമായി പരിശോധിച്ച ഭക്ഷണങ്ങളില്‍ മൂന്നിലൊന്നോളം അടിസ്ഥാന പോഷകമാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നില്ലെന്നും നേരത്തെ കണ്ടെത്തിയിരുന്നു. പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് ഉള്‍പ്പെടുത്താത്തതും കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം മെച്ചപ്പെടുത്തണമെന്നും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്റെ എണ്ണം യഥാര്‍ഥ ആവശ്യവുമായി പൊരുത്തപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്‌കൂളുകള്‍, രക്ഷിതാക്കള്‍, കുട്ടികള്‍, വിതരണക്കാര്‍ എന്നിവരില്‍നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ച് മെനുവിലും വിതരണരീതിയിലും മാറ്റം വരുത്തണമെന്നും ശുപാര്‍ശയുണ്ട്.

ചില സ്‌കൂളുകളില്‍ ഹലാല്‍ ഭക്ഷണത്തിന് അമിത പ്രാധാന്യം നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ രക്ഷിതാക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു.ഹലാല്‍ ഭക്ഷണം സംബന്ധിച്ച് അയര്‍ലണ്ടില്‍ പ്രത്യേകമായി ഒരു പൊതുവിവാദവും ഓണ്‍ലൈന്‍ പെറ്റീഷനും ഉണ്ടായിട്ടുണ്ട്. ചില സ്‌കൂളുകളില്‍ ഹലാല്‍ വിഭവങ്ങളാണ് കൂടുതലെന്നും ഹലാല്‍ അല്ലാത്ത ഓപ്ഷനുകള്‍ കുറവാണെന്നുമാണ് അതിലെ ആരോപണം. എന്നാല്‍ അത് ഈ ഭക്ഷണപ്പാഴാക്കലിന്റെ കാരണമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നില്ല.

അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ചില കുട്ടികള്‍ക്ക് സ്‌കൂളില്‍ ലഭിക്കുന്ന ഈ ഭക്ഷണം ദിവസത്തിലെ ഏക പോഷകസമൃദ്ധമായ ആഹാരമാണെന്നതിനാല്‍ പദ്ധതി തുടരേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പോഷകഗുണം ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണപ്പാഴാക്കല്‍ കുറയ്ക്കാനും വിതരണക്കാരുടെ പരിശോധന ശക്തമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Get more updates from Pudukad News on Google