എക്സൈസ് വകുപ്പ് വിളയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന “റിലാക്സ്” പദ്ധതി മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
Current: മലയാളം

പാലക്കാട്: കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പ് വിളയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന റിലാക്സ് പദ്ധതി മുഹമ്മദ് മുഹ്സിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനും, ഒഴിവുസമയങ്ങൾ ആരോഗ്യകരമായി ചിലവഴിക്കുന്നതിനുമായി വിനോദത്തിനും വിശ്രമത്തിനുമുള്ള മികച്ചൊരു ഇടമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിളയൂർ കരിങ്ങനാട് കുണ്ടിലുള്ള വോളിബോൾ ഗ്രൗണ്ടാണ് റിലാക്സ് പദ്ധതിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സുധാകരൻ അധ്യക്ഷനായി.
ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജയപ്രസാദ്, വിളയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബഷിറ സാബിർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചൈതന്യ സുധീർ, ആരോഗ്യ – വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അമീർ എം ടി, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ വിളയൂർ, കരിങ്ങനാട് കുണ്ട് റിഥം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് സുനേഷ് എം എന്നിവർ സംസാരിച്ചു.
തുടർന്ന് പട്ടാമ്പി റെയ്ഞ്ചിലെ അസിസ്‌റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാലകൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പട്ടാമ്പി എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. അനിഷ് മോഹൻ നന്ദി പറഞ്ഞു.
സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം നൂറോളം പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നോട്ടീസുകൾ വിതരണം ചെയ്തു. പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെയും ഒറ്റപ്പാലം എക്സൈസ് സർക്കിളിലെയും ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.




