100 ദിനം പിന്നിട്ട് യു.ഡി.എഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതി. കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ നടത്തിയത് 12 കോടിയിലധികം യാത്രകൾ. ലാഭിച്ചത് 266 കോടിയോളം രൂപ. നേട്ടം പുരുഷ യാത്രക്കാരുടെ എണ്ണത്തിലും കുറവില്ലാതെ. എ.ഐ ബുക്കിങ്ങും ഊബർ കണക്റ്റിവിറ്റിയും നടപ്പിലാക്കിയതും വൻ വിജയം. പദ്ധതി സൂപ്പർഫാസ്റ്റുകളിലേക്കും വ്യാപിപ്പിച്ചേക്കും
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് യു.ഡി.എഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ വിജയകരമായി 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു.
കഴിഞ്ഞ ജൂൺ 15-ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ, ചുരുങ്ങിയ കാലയളവിനുള്ളിൽ 12 കോടിയിലധികം സൗജന്യ യാത്രകളാണ് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകൾ വഴി നടപ്പിലാക്കിയത്.
തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധി മുന്നോട്ട് വെച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രിയദർശിനി പദ്ധതി.
ഭരണനേതൃത്വത്തിന്റെ നൂറുദിന പ്രോഗ്രസ് റിപ്പോർട്ടിലെ ഊർജസംവർദ്ധനിയായി മാറിയ ഈ പദ്ധതി, സംസ്ഥാനത്തെ സ്ത്രീശാക്തീകരണ യാത്രയിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം 12.54 കോടിയുടെ സൗജന്യ യാത്രകൾ കെ.എസ്.ആർ.ടി.സിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാക്കൂലി നൽകിയാണ് ഈ യാത്രകൾ നടന്നിരുന്നതെങ്കിൽ ഏകദേശം 266.53 കോടി രൂപ യാത്രക്കാർക്ക് ചെലവാകുമായിരുന്നു.
ജോലിക്ക് പോകുന്ന സ്ത്രീകൾ, വിദ്യാർത്ഥിനികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ചെലവിൽ വലിയൊരു തുക ലാഭിക്കാൻ ഇതിലൂടെ സാധിച്ചു.
സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയും മറ്റ് ബസ് സർവീസുകളിൽ കയറാതെയും സ്ത്രീകൾ പ്രിയദർശിനി ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതോടെ ഓർഡിനറി ബസ്സുകളുടെ സുവർണ കാലമാണ് കടന്നുപോകുന്നത്.
എന്നാൽ, സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും പുരുഷന്മാരുടെ സാന്നിധ്യത്തിലും കുറവൊന്നുമുണ്ടായിട്ടില്ല. ദിവസേന ശരാശരി 6.19 ലക്ഷം പുരുഷന്മാരും ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.
സൗജന്യ യാത്രാ പദ്ധതിക്ക് പുറമേ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കെ.എസ്.ആർ.ടി.സി നിരവധി നൂതന പദ്ധതികൾ ഇക്കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുഗമമായ ടിക്കറ്റ് ബുക്കിംഗ് സംവിധാനമാണ് അതിലൊന്ന്.
അയൽ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ച് വരുമാന വർദ്ധനവിനുളള നടപടികളും സ്വീകരിച്ചു. യാത്രക്കാരുടെ അവസാന പോയിന്റ് വരെയുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഊബറുമായി സഹകരിച്ചുള്ള പുതിയ പദ്ധതികളും കെ.എസ്.ആർ.ടി.സി ഇക്കാലയളവിൽ ആവിഷ്കരിച്ചു.
പ്രിയദർശിനി പദ്ധതി കെ.എസ്.ആർ.ടി.സി ക്ക് വൻ ജനപ്രീതി നൽകിയെങ്കിലും, ഇത് സ്വകാര്യ ബസ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓർഡിനറി റൂട്ടുകളിൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതോടെ സ്വകാര്യ ബസുകളിൽ കളക്ഷൻ വലിയ തോതിൽ കുറഞ്ഞു.
ഈ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഇനി ഗതാഗത വകുപ്പിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതേസമയം, പ്രിയദർശിനി പദ്ധതി സിറ്റി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസ്സുകളിലേക്ക് കൂടി വിപുലീകരിക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.
നൂറു ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ടിന്റെ വിലയിരുത്തലിനു ശേഷം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുമെന്ന ഉറപ്പിലാണ് സർക്കാർ.
സിറ്റി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളിൽ കൂടി സൗജന്യ യാത്രാ ആനുകൂല്യം വ്യാപിപ്പിച്ചാൽ സംസ്ഥാനത്തെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക-ക്ഷേമ പദ്ധതിയായി പ്രിയദർശിനി മാറും.




