"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മ്യാന്മറിലെ കലാപകാരികൾക്ക് ഡ്രോൺ യുദ്ധപരിശീലനം നൽകാൻ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച യു.എസ് പൗരൻ മാത്യു വാൻഡൈക്ക് ഇമിഗ്രേഷൻ നിയമലംഘനത്തിന് 5.5 ലക്ഷം രൂപ പിഴയടച്ചു: എൻ.ഐ.എ ചുമത്തിയ കേസുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയിലേക്ക്

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: മ്യാന്മറിലെ ഗോത്രവര്‍ഗ്ഗ ആയുധധാരികള്‍ക്ക് പരിശീലനം നല്‍കിയ കേസില്‍ അറസ്റ്റിലാവുകയും ഇന്ത്യയില്‍ അനുമതിയില്ലാതെ സഞ്ചരിച്ചതിന് ഇമിഗ്രേഷന്‍ വിദേശീയ നിയമലംഘനം ചുമത്തപ്പെടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ മാത്യു ആറണ്‍ വാന്‍ഡൈക്ക് കോമ്പൗണ്ടിംഗ് ചാര്‍ജായി 5.5 ലക്ഷം രൂപ പിഴയടച്ചു. 


ഡല്‍ഹി ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലാണ് തുകയടച്ചത്. തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.


ഈ വര്‍ഷം മാര്‍ച്ച് 13-നാണ് വാന്‍ഡൈക്കിനെയും ആറ് യുക്രൈന്‍ പൗരന്മാരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ നിരോധിത/സംരക്ഷിത മേഖലകളില്‍ അനുമതി പത്രമില്ലാതെ സഞ്ചരിച്ചതിനും അനധികൃതമായി അതിര്‍ത്തി കടന്ന് മ്യാന്മറിലെ വിക്ടോറിയ ക്യാമ്പിലെത്തി ഡ്രോണ്‍ യുദ്ധമുറകളിലും ജാമിംഗ് സാങ്കേതികവിദ്യയിലും ആയുധധാരികള്‍ക്ക് പരിശീലനം നല്‍കാന്‍ ശ്രമിച്ചതിനുമായിരുന്നു നടപടി. 

ഭീകരവിരുദ്ധ നിയമമായ ‘യു.എ.പി.എ’ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് എന്‍.ഐ.എ ഇയാളെ കല്‍ക്കട്ട വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്.


എന്നാല്‍ സെപ്റ്റംബര്‍ 8-ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗുരുതരമായ യു.എ.പി.എ വകുപ്പുകള്‍ ഒഴിവാക്കി ഇമിഗ്രേഷന്‍ ആക്റ്റിലെ ലളിതമായ വകുപ്പുകള്‍ മാത്രമാണ് എന്‍.ഐ.എ ചുമത്തിയത്. ഇന്ത്യയ്ക്കെതിരെ നേരിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചന തല്‍ക്കാലം കണ്ടെത്താനായിട്ടില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. 


കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ച വാന്‍ഡൈക്കിന് അനുമതിയില്ലാതെ ഡല്‍ഹിക്ക് പുറത്തുപോകാന്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമത സംഘടനകളുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസില്‍ യു.എ.പി.എ പ്രകാരമുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍.ഐ.എ കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google