ഡൽഹി കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ വച്ച് 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ വ്യാജ പോലീസ് ചമഞ്ഞ പ്രധാന പ്രതി ഏറ്റുമുട്ടലിനൊടുവിൽ പിടിയിൽ: പോലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത പ്രതിക്ക് തിരിച്ചടിയിൽ പരിക്കേറ്റു; ഹെഡ് കോൺസ്റ്റബിൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു
ഡല്‍ഹി: ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ വച്ച് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ ആസിഫ് പോലീസ് ഏറ്റുമുട്ടലിനൊടുവില്‍ പിടിയിലായി.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിക്ക് സമീപം അമാര്‍ കോളനി ഡി.എം ഓഫീസ് റോഡില്‍ വച്ചാണ് പോലീസും പ്രതിയും തമ്മില്‍ വെടിവെയ്പ്പുണ്ടായത്.
പോലീസിന് നേരെ പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലാണ് വെടിയുണ്ട പതിച്ചത്. തുടര്‍ന്ന് പോലീസ് സ്വയംരക്ഷാര്‍ത്ഥം നടത്തിയ തിരിച്ചടിയില്‍ ആസിഫിന്റെ വലതുകാലില്‍ വെടിയേല്‍ക്കുകയും ഇയാളെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം കല്‍ക്കാജി ക്ഷേത്രദര്‍ശനത്തിന് ശേഷം സമീപത്തെ ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരുന്ന പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേനയെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ആണ്‍കുട്ടിയെ തടഞ്ഞുവെച്ച ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ, ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതിയെ സാഹസികമായി പിടികൂടിയത്.
സംഭവസ്ഥലത്ത് ഫോറന്‍സിക്, ക്രൈം ബ്രാഞ്ച് സംഘങ്ങള്‍ പരിശോധന നടത്തി. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.




