കുട്ടികൾക്ക് മുന്നിലൂടെ വലിച്ചിഴച്ചു, അധ്യാപികയെ വെടിവെച്ച് കൊന്നു: വില്ലനായത് പ്രണയപ്പക, യുവാവും ജീവനൊടുക്കി | UP School Horror
Current: മലയാളം

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വിദ്യാർത്ഥികളെയും നാടിനെയും അമ്പരപ്പിച്ച് സ്കൂളിനുള്ളിൽ അധ്യാപികയ്ക്ക് നേരെ വെടിവെപ്പ്. സ്കൂളിൽ അതിക്രമിച്ചു കയറിയ യുവാവ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.(UP School Horror Teacher Shot Dead By Stalker In Front Of Students In Lakhimpur Kheri)
ചിൾഡ്രൻസ് അക്കാദമി സ്കൂളിലെ അധ്യാപികയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ നൗരംഗബാദ് സ്വദേശി മുഹമ്മദ് സൗദ് അൻസാരി (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. സ്കൂളിലേക്ക് കയറിവന്ന സൗദ്, ഇടനാഴിയിൽ വെച്ച് ഫാത്തിമയുമായി സംസാരിക്കുകയും തുടർന്ന് ബാഗിൽ കരുതിയിരുന്ന തോക്കെടുത്ത് ഫാത്തിമയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയുമായിരുന്നു.
തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഫാത്തിമ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിന് പിന്നാലെ സൗദ് അതേ തോക്കുപയോഗിച്ച് സ്വന്തം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. വിദ്യാർത്ഥികൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം. തോക്കിന്റെ ശബ്ദം കേട്ട് ഭയന്നോടിയ കുട്ടികളെയും മറ്റ് ജീവനക്കാരെയും പോലീസ് ഉടൻ സ്ഥലത്തെത്തി സുരക്ഷിതമായി പുറത്തെത്തിച്ചു. പ്രണയത്തിൽ നിന്ന് ഫാത്തിമ പിന്മാറിയതും വിവാഹാഭ്യർത്ഥന നിരസിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഫാത്തിമയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരിച്ച സൗദിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Story Summary
In a shocking incident at Children’s Academy School in Uttar Pradesh’s Lakhimpur Kheri, a 26-year-old teacher, Nishat Fatima, was shot dead in front of students by her former partner Mohammad Saud Ansari. Following the attack over a personal dispute and rejected marriage proposal, the 28-year-old assailant shot himself dead on the spot.




