"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡാറ്റ ഉപയോഗിക്കാത്തവർക്ക് ആശ്വാസം: വോയ്സ്–എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് ; മുതിർന്ന പൗരന്മാർക്കും അടിസ്ഥാന ഫോൺ ഉപയോക്താക്കൾക്കും ഗുണകരമെന്ന് വിലയിരുത്തൽ | TRAI voice SMS only plans

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

TRAI voice SMS only plans

ന്യൂഡൽഹി: മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് കൂടുതൽ അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI voice SMS only plans) പുതിയ ചട്ടങ്ങൾ പുറത്തിറക്കി. വോയ്സ്, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ (STV) വിവിധ വാലിഡിറ്റി കാലയളവുകളിൽ ലഭ്യമാക്കണമെന്നാണ് പുതിയ വ്യവസ്ഥ.

2026 സെപ്റ്റംബർ 22ന് പുറത്തിറക്കിയ Telecom Consumers Protection (13th Amendment) Regulations, 2026 പ്രകാരം, ഡാറ്റ ഉൾപ്പെടുന്ന വോയ്സ്–എസ്എംഎസ് പ്ലാനുകൾക്ക് നൽകുന്ന ഓരോ പ്രത്യേക വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന STV ടെലികോം സേവനദാതാക്കൾ ലഭ്യമാക്കണം. ഡാറ്റ സേവനം ഒഴിവാക്കുന്നതിന് അനുസൃതമായി ഇത്തരം പ്ലാനുകളുടെ നിരക്കിൽ അനുയോജ്യമായ കുറവും ഉണ്ടായിരിക്കണം.

കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന കുറഞ്ഞത് ഒരു വോയ്സ്–എസ്എംഎസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും സേവനദാതാക്കൾ ലഭ്യമാക്കണമെന്ന വ്യവസ്ഥയും പുതിയ ചട്ടത്തിലുണ്ട്.

വോയ്സ്, എസ്എംഎസ് സേവനങ്ങൾ മാത്രം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഡാറ്റ ഉൾപ്പെട്ട പ്ലാനുകൾ നിർബന്ധമായി തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം. 2026 ഏപ്രിൽ 7ന് ട്രായ് ഇതുമായി ബന്ധപ്പെട്ട കരട് ഭേദഗതി പുറത്തിറക്കി പൊതുജനങ്ങളുടെയും വിവിധ പങ്കാളികളുടെയും അഭിപ്രായം തേടിയിരുന്നു.

ഇത്തരം പ്ലാനുകളുടെ ആവശ്യകത സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി 2026 മാർച്ച് 11ന് ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. ഡാറ്റ ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർ, അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർ, മറ്റ് സാധാരണ ഉപഭോക്താക്കൾ എന്നിവർക്ക് ഡാറ്റ ഉൾപ്പെട്ട റീചാർജ് പ്ലാനുകൾ വാങ്ങേണ്ടിവരുന്നത് അധിക സാമ്പത്തിക ബാധ്യതയാകുന്നുവെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോക്സഭയിലെ ഔദ്യോഗിക രേഖയിൽ കുറഞ്ഞ നിരക്കിലുള്ള ഒരു മാസത്തെ വോയ്സ്-ഓൺലി റീചാർജ് പ്ലാനുകളുടെ ലഭ്യത സംബന്ധിച്ചാണ് ചോദ്യം ഉന്നയിച്ചിരുന്നത്.

ഡാറ്റ ആവശ്യമില്ലാത്തവർക്ക് തങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്ക് മാത്രം പണം നൽകാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ നിരക്കിലുള്ള വോയ്സ്–എസ്എംഎസ് റീചാർജ് ഓപ്ഷനുകൾ ഉറപ്പാക്കണമെന്നായിരുന്നു എംപിയുടെ ആവശ്യം.

പുതിയ സംവിധാനം കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരം നൽകുമെന്നാണ് ട്രായിയുടെ വിലയിരുത്തൽ.

സാധാരണ മൊബൈൽ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ലോക്സഭയിൽ ഉന്നയിച്ച ആവശ്യം നയപരമായ മാറ്റത്തിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും അനാവശ്യ ഡാറ്റാ ചെലവില്ലാതെ അടിസ്ഥാന മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉപഭോക്തൃ സൗഹൃദ ടെലികോം നയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

English Story Summary:
TRAI has introduced new regulations requiring telecom operators to offer Voice-SMS-only Special Tariff Vouchers corresponding to different validity periods of bundled plans. The move is aimed at giving consumers who do not need mobile data more affordable and flexible recharge options.

Get more updates from Pudukad News on Google