"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലോക കേരള സഭ പിരിച്ചു വിടാനുള്ള നീക്കം പ്രതിഷേധാർഹം: കല കുവൈറ്റ്

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഏകീകൃത വേദിയായ ‘ലോക കേരള സഭ’ തുടർന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

പ്രവാസികളുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ചർച്ച ചെയ്യാനും അവരുടെ കഴിവുകളും നിക്ഷേപങ്ങളും നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് 2018-ൽ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച ഒരു സംവിധാനത്തെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വലിയ അനീതിയാണ്.


കേരള നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങൾ ചേർന്ന ജനാധിപത്യപരമായ ഒരു വേദിയായിരുന്നു ലോക കേരള സഭ. 


വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ സംയോജനത്തിനും, നാടുമായുള്ള ബന്ധം സുഗമമാക്കുന്നതിനും എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് ഏറെ ശ്രദ്ധേയമായിരുന്നു.

ആഗോളതലത്തിൽ മലയാളി കൂട്ടായ്മകളെ ഏകോപിപ്പിക്കാനും, ആധുനികവും വികസിതവുമായ ഒരു നവകേരള നിർമ്മിതിക്ക് പ്രവാസികളെ പങ്കാളികളാക്കാനും ലോക കേരള സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അവതരിപ്പിച്ച ബജറ്റിൽ ‌ അവഗണനയാണ് നേരിടേണ്ടി വന്നത്‌.


പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനും ശക്തമായ ഒരു ഭരണസംവിധാനം അനിവാര്യമാണ്. പ്രവാസികളുടെ ജനാധിപത്യപരമായ പ്രാതിനിധ്യവും സർക്കാരുമായുള്ള നേരിട്ടുള്ള ആശയവിനിമയ വേദിയും ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കുന്ന രീതിയിൽ ലോക കേരള സഭ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണമെന്നും കല കുവൈറ്റ് സർക്കാറിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google