കേരളത്തിന്റെ ചുമതലയിൽ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി ബിജെപി. എം. നാഗരാജ് പുതിയ പ്രഭാരി, എൻ. വെങ്കിടേഷ് സഹപ്രഭാരി. കെ. സുരേന്ദ്രന് പുതുച്ചേരിയുടെയും ജോർജ് കുര്യന് ലക്ഷദ്വീപിന്റെയും ചുമതല. സ്മൃതി ഇറാനിക്ക് ഛത്തീസ്ഗഢും ഹരിയാനയും. അനില്‍ ആന്റണിക്ക് ഗോവയുടെയും നാഗാലാന്‍ഡിന്റെയും ചുമതല. നിർണ്ണായക പുനഃസംഘടന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്
Current: മലയാളം

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ സമഗ്രമായി പുനഃസംഘടിപ്പിച്ച് ബി.ജെ.പി ദേശീയ നേതൃത്വം.
കേരളത്തിന്റെ ദീർഘകാല ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കറെ മാറ്റി പകരം കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പി എം. നാഗരാജിനെ പുതിയ പ്രഭാരിയായി നിയമിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി എൻ. വെങ്കിടേഷിനെയാണ് കേരളത്തിന്റെ സഹപ്രഭാരിയായി ചുമതലപ്പെടുത്തിയത്. സംഘടനാ സംവിധാനം കൂടുതൽ ചടുലമാക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പുതിയ ഭാരവാഹി പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്.
കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും ദേശീയതലത്തിൽ സുപ്രധാന ചുമതലകൾ ലഭിച്ചിട്ടുണ്ട്. മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതുച്ചേരിയുടെ പ്രഭാരിയായും മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ലക്ഷദ്വീപിന്റെ ചുമതലക്കാരനായും നിയോഗിച്ചു. ദേശീയ വക്താവ് അനിൽ ആന്റണിയ്ക്കാണ് വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിന്റെയും ഗോവയുടെയും പ്രഭാരി ചുമതല നൽകിയിട്ടുള്ളത്.
മറ്റ് സംസ്ഥാനങ്ങളിലും ശക്തരായ ദേശീയ നേതാക്കൾക്കാണ് നേതൃത്വം ചുമതല നൽകിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഛത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പൂർണ്ണ ചുമതല നൽകി.
ഹരീഷ് ദ്വിവേദിക്ക് ബിഹാറിന്റെയും വിനോദ് താവ്ഡെയ്ക്ക് ഉത്തർപ്രദേശിന്റെയും ചുമതല നൽകിയപ്പോൾ, മുതിർന്ന നേതാവ് റാം മാധവിന് തമിഴ്‌നാടിന്റെയും ഉത്തരാഖണ്ഡിന്റെയും പ്രഭാരി പദവി ലഭിച്ചു. തരുൺ ചുഗ് ഗുജറാത്തിന്റെയും, സതീഷ് പൂനിയ ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെയും ചുമതല വഹിക്കും.
സഞ്ജയ് ഭാട്ടിയ രാജസ്ഥാനിലും വിനയ് സഹസ്രബുദ്ധെ ഡൽഹിയിലും ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും താഴെത്തട്ടിൽ ഏകോപനം ശക്തമാക്കാനുമാണ് കേന്ദ്ര നേതൃത്വം പുതിയ സംഘടനാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.




