കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കി സംരക്ഷിക്കുക: കെഎസ്ടി എംപ്ലോയീസ് സംഘ്
Current: മലയാളം

തിരുവനന്തപുരം: ഭാരതത്തിലാകമാനം സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 18-ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിന് മുന്നോടിയായി, കെഎസ്ആർടിസിയും അതിലെ ജീവനക്കാരുടേയും വിവിധ വിഷയങ്ങൾ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഭാരതീയ പരിവാഹൻ മസ്ദൂർ മഹാസംഘ് ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ ഗതാഗതാശ്രയമായ കെ എസ് ആർ ടി സി യും അതിലെ ജീവനക്കാരും ഗുരുതര പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്.
കാലഹരണപ്പെട്ട ബസുകൾക്ക് പകരം പുതിയ ബസുകൾ വാങ്ങാത്തതും, ജീവനക്കാരൻ്റെ ക്ഷാമബത്ത 30% കുടിശ്ശിക ആക്കിയും പുതുക്കിയ ശമ്പള പരിഷ്ക്കരണം നൽകാത്തതും, 2018-ന് ശേഷം സ്ഥിരം ജീവനക്കാരെ നിയമിക്കാത്തതും ഈ പൊതുമേഖലാ സ്ഥാപനത്തിൻ്റെ നിലനില്പിന് തന്നെ ഭീഷണിയാവുകയാണ്.
വാടക ബസുകൾക്ക് ടെൻഡർ ക്ഷണിക്കാനും, തുശ്ച വേതനത്തിന് കൂടുതൽ താല്കാലിക ജീവനക്കാരെ നിയമിക്കാനുമാണ് സർക്കാരിൻ്റെ ശ്രമം.
മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ ബസു വാങ്ങി നൽകുമ്പോൾ, കേരളത്തിൽ കെഎസ്ആർടിസിക്കുള്ള ബജറ്റ് വിഹിതം പോലും പിൻവലിക്കുകയോ, പിന്നീട് വായ്പയായി മാറ്റി പലിശയും പിഴപലിശയും ഈടാക്കുകയോ ചെയ്യുന്നു.
കെ എസ് ഇ ബിയ്ക്ക് നാലു ശതമാനം നികുതിയ്ക്ക് ഡീസൽ നൽകുമ്പോൾ കെ എസ് ആർ ടി യ്ക്ക് ആറിരട്ടി അധിക നികുതിയാണ് ചുമത്തുന്നത്. എന്പിഎസ് കുടിശ്ശിക ഇപ്പോൾ 400 കോടിയിലേറെ ആയിരിക്കുന്നു.
പെൻഷൻഫണ്ട് സ്വരൂപിക്കാതെ സർക്കാർ പ്രഖ്യാപിച്ച പെൻഷൻ ബാധ്യതയും കോർപ്പറേഷൻ്റെ ചുമലിലായിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ അടിയന്തിര പരിഹാരമുണ്ടാവണമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ശ്രീ സി.ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ധർണയിൽ ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം പി രാജീവൻ മുഖ്യപ്രഭാഷണം നടത്തി.
ബിപിഎംഎസ് ദേശീയ സെക്രട്ടറി പ്രദീപ് വി നായർ, സംസ്ഥാന പ്രഭാരി എസ് രാജേഷ്, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി കെ ബൈജു എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക, ശമ്പള പരിഷ്ക്കരണം, എൻ പി എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ പുതിയ ബസുകൾ വാങ്ങി നൽകുക, ഗ്രാറ്റുവിറ്റി പരിധി നാല്പതു ലക്ഷമായി ഉയർത്തി പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, ജീവനക്കാർക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ സ്ഥാപിക്കുക, എല്ലാ ബസ് സ്റ്റേഷനുകളിലും ഡിസ്പെൻസറികൾ സജ്ജീകരിക്കുക, നിലവിലെ ബദലി ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, തുടർന്ന് ഒഴിവുള്ള തസ്തികകളിൽ പി എസ് സി വഴി സ്ഥിര ജീവനക്കാരെ നിയമിക്കുക, കെ എസ് ആർ ടി സിയെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം മുഖ്യമന്ത്രിക്കും, ഗതാഗത വകുപ്പു മന്ത്രിക്കും, സിഎംഡിയ്ക്കും നൽകുകയും ചെയ്തു.




