സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം, കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും ഇനി പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി രോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.ആ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാർ ആശുപത്രികളിലില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തിക, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ.പി./കൺസൾട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഈ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കണം.
പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള കൂടുതൽ വിവരങ്ങളും ആശുപത്രികളിൽ ഇനിമുതൽ പ്രദർശിപ്പിക്കും.
ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നിർബന്ധമായും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തിലുണ്ട്.
Get more updates from Pudukad News on Google




