തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത രാഷ്ട്രീയ വിവാദമാകുന്നു. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം. വോട്ടർ പട്ടിക പരിഷ്കരണവും ഡാറ്റാബേസ് കേന്ദ്രീകരണവുമായി ബന്ധപ്പെട്ട് രണ്ട് കമ്മീഷണർമാർ 10 മാസത്തിനിടെ 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ കടുത്ത പ്രതിഷേധം. എന്നാൽ കമ്മീഷന്റെ എല്ലാ അന്തിമ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം
Current: മലയാളം

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണത്തെയും വിശ്വസനീയതയെയും തന്നെ ചോദ്യം ചെയ്ത് കമ്മീഷനുള്ളിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നത ദേശിയ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റായി മാറുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയ നീക്കങ്ങൾ ശക്തമാക്കാനും തെരുവിൽ പ്രതിഷേധം വ്യാപിപ്പിക്കാനും പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയായ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ഭരണതല തീരുമാനങ്ങളിലെ ഏകോപനമില്ലായ്മയിലും ഏകപക്ഷീയമായ നടപടികളിലും പ്രതിഷേധിച്ച് 14 വിയോജന കുറിപ്പുകൾ ഔദ്യോഗികമായി രേഖപ്പെടുത്തിയെന്ന വിവരമാണ് ഈ അപൂർവ്വ പ്രതിസന്ധിക്ക് വഴിവെച്ചത്.
പ്രധാനമായും രണ്ട് തീരുമാനങ്ങളാണ് കമ്മീഷനിലെ പരമ്പരാഗത യോജിപ്പിന്റെ ചരിത്രത്തെ ഇല്ലാതാക്കിയത്.
ഏകപക്ഷീയമായ ഡാറ്റാബേസ് കേന്ദ്രീകരണമാണ് അതിലൊന്ന്.വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന നടപടികളുടെ ഭാഗമായി കൊണ്ടുവന്ന പരിഷ്കാരങ്ങൾ വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് നടപ്പാക്കിയതെന്നാണ് കമ്മീഷനുളളിലെ വിമർശനം.
പുതിയ വോട്ടർമാർ സമർപ്പിക്കേണ്ട ഫോം 6 സംബന്ധിച്ച പരിഷ്കകരണമാണ് ഭിന്നതയ്ക്ക് വഴിവെച്ച രണ്ടാമത്തെ കാര്യം. ഫോം 6-ൽ, അപേക്ഷകരുടെയോ മാതാപിതാക്കളുടെയോ പേരുകൾ മുൻ വോട്ടർ പട്ടികയിലുണ്ടോയെന്ന് നിർബന്ധമായും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ ഉൾപ്പെടുത്തിയതി -ലാണ് തർക്കം ഉടലെടുത്തത്.
നിയമ മന്ത്രാലയത്തിന്റെയോ പാർലമെന്റിന്റെയോ അംഗീകാരമില്ലാതെ ഇത്തരം ചട്ടങ്ങൾ മാറ്റിയത് നിയമവിരുദ്ധമാണെന്ന് മറ്റ് രണ്ട് കമ്മീഷണർമാരും രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അതൊന്നും ചെവിക്കൊളളാൻ തയാറിയില്ല.ഡൽഹിയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളിൽ ഉൾപ്പെടുത്തിയ അൽഗോരിതം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്.
മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖരുടെ പേരുകൾ വരെ വോട്ടർ പട്ടികയിലെ സാങ്കേതിക പിഴവുകൾ കാരണം സംശയനിഴലിൽ വരികയോ വിട്ടുപോവുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി.
പ്രമുഖർക്ക് അധികൃതർ നിമിഷങ്ങൾക്കകം വിശദീകരണവും തിരുത്തലും നൽകുമ്പോൾ, നോർത്ത് ഈസ്റ്റ് ഡൽഹിയിലെയും സീമാപുരിയിലെയും ചേരികളിൽ വോട്ടവകാശം നിഷേധിക്കപ്പെട ഭീഷണിയിലായ പതിനായിര ക്കണക്കിന് സാധാരണക്കാർക്ക് ഈ പരിഗണന ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
കമ്മീഷനിലെ ഈ ഏകാധിപത്യ പ്രവണതകൾക്കെതിരെ ജോൺ ബ്രിട്ടാസ് എം.പി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
“തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്നംഗ ഭരണഘടനാ സ്ഥാപനമായി പ്രവർത്തിക്കുന്നില്ല. ഗ്യാനേഷ് കുമാറിന്റെ കീഴിൽ ഇതൊരു വ്യക്തിഗത ഏകാധിപത്യമായി മാറിയിരിക്കുകയാണ്. മൂന്നിൽ രണ്ട് കമ്മീഷണർമാരും തങ്ങളുടെ വിയോജിപ്പും നടപടികളിലെ നിയമവിരുദ്ധതയും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടും ഏകപക്ഷീയമായി മുന്നോട്ടു പോകുന്നത് ജനാധിപത്യത്തിന്റെ തന്നെ വിശ്വാസ്യതയെയാണ് വിചാരണ ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന സി.ഇ.സിയെ എത്രയും വേഗം ഇംപീച്ച് ചെയ്ത് പുറത്താക്കാൻ പാർലമെന്റ് നടപടി സ്വീകരിക്കണം.” ബ്രിട്ടാസ് പ്രതികരിച്ചു.
വ്യത്യസ്ത ഭരണഘടനാ വീക്ഷണങ്ങളും അഭിപ്രായങ്ങളും സ്വാഭാവികമാണെന്നും കമ്മീഷന്റെ തീരുമാനങ്ങൾ എല്ലാം എകകണ്ഠമായാണ് പുറപ്പെടുവിച്ചതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
ഭരണകക്ഷിയായ ബി.ജെ.പിയും കമ്മീഷന്റെ ആഭ്യന്തര ചർച്ചകൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് ന്യായീകരിച്ചു. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയായി ഉയർത്തിക്കാട്ടി ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.
വോട്ടർ ഡാറ്റയിലെ കൃത്രിമത്വവും ഭരണഘടനാ ലംഘനവും ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം വീണ്ടും കൊണ്ടുപോകാനും, വിഷയം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുമാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം.
കമ്മീഷനിൽ തന്നെ എതിർപ്പ് വന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരുക പ്രയാസമായിരിക്കും.കമ്മീഷൻെറ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സംജാതമായത് കേന്ദ്ര സർക്കാരിനും ഗ്യാനേഷ് കുമാർ തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കും.




