"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

30 ആശുപത്രികളില്‍ പണിമുടക്ക്; അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്ത് ഒക്ടോബര്‍ 14 നിര്‍ണായകം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യരംഗത്ത് സമരത്തിന്റെ മുന്നറിയിപ്പ് മുഴങ്ങുന്നു. പുതിയ ശമ്പളക്കരാറിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 14 ബുധനാഴ്ച രാജ്യത്തെ 30 ആശുപത്രികളില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനായ സിപ്ടു പ്രഖ്യാപിച്ചു. 11,000ത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.

അതിനു മുന്നോടിയായി സെപ്റ്റംബര്‍ 30ന് ‘വര്‍ക്ക് ടു റൂള്‍’ സമരം നടത്തും. നിശ്ചയിച്ച ജോലികള്‍ നിര്‍വഹിക്കുമെങ്കിലും റോസ്റ്ററില്‍ ഉള്‍പ്പെടാത്ത ഓവര്‍ടൈമും സ്വമേധയാ ഏറ്റെടുക്കുന്ന അധിക ചുമതലകളും ജീവനക്കാര്‍ ഒഴിവാക്കും. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനം ജീവനക്കാരുടെ അധിക സഹകരണത്തെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് അന്ന് വ്യക്തമാകുമെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്.

ഐ എന്‍ എം ഓ പണിമുടക്കുമെന്ന് സ്ഥിരീകരണമില്ല

സിപ്റ്റുവിനൊപ്പം നഴ്സുമാരുടെ യൂണിയനായ ഐ എന്‍ എം ഓ അംഗങ്ങള്‍ ഒക്ടോബര്‍ 14ന് പണിമുടക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ നഴ്സുമാരുടെ സംഘടനയും ഇതേ വിഷയത്തില്‍ പണിമുടക്കുമെന്ന തീരുമാനം എടുത്തിട്ടുണ്ട്. താമസിയാതെ അവരും പണിമുടക്ക് തിയതി പ്രഖ്യാപിച്ചേക്കും.

ശമ്പളച്ചര്‍ച്ചയില്‍ വഴിത്തിരിവില്ല

ജൂണ്‍ 30നാണ് പൊതുസേവന ശമ്പളക്കരാറിന്റെ കാലാവധി അവസാനിച്ചത്. പകരം കരാറിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ വേദിയൊരുക്കിയിട്ടില്ലെന്നാണ് സിപ്ടുവിന്റെ ആരോപണം. ഭക്ഷണം, ഇന്ധനം, വൈദ്യുതി, വാടക, ഭവനവായ്പ എന്നിവയുടെ ചെലവ് ഉയരുമ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ സേവനം തുടരുകയാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാര്‍ അസാധാരണമായ ക്ഷമയാണ് കാണിച്ചതെന്ന് സിപ്ടു ഹെല്‍ത്ത് ഡിവിഷണല്‍ ഓര്‍ഗനൈസര്‍ കെവിന്‍ ഫിഗ്ഗിസ് പറഞ്ഞു. സര്‍ക്കാര്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ ഒക്ടോബര്‍ 14ലെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും സമരം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍മാരും സമരനടപടികളിലേക്ക്

ശമ്പളത്തര്‍ക്കത്തില്‍ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനിലെ ഡോക്ടര്‍മാരും സമരനടപടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 94 ശതമാനമാണ് പിന്തുണച്ചത്. ഒക്ടോബര്‍ 14 മുതല്‍ നടപടി ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ ഡോക്ടര്‍മാരുടെ സമരം ഏത് രൂപത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

രോഗികളെ എങ്ങനെ ബാധിക്കും?

ബ്യൂമോണ്ട്, മാറ്റര്‍, സെന്റ് ജെയിംസ്, സെന്റ് വിന്‍സെന്റ്സ്, കോര്‍ക്ക് യൂണിവേഴ്സിറ്റി, ഗോള്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ്, സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ സിപ്ടുവിന്റെ പണിമുടക്ക് ബാധിക്കും. കുട്ടികളുടെ ആശുപത്രികളിലെ ചില കേന്ദ്രങ്ങളും പട്ടികയിലുണ്ട്.

പണിമുടക്ക് നടക്കുന്ന പ്രധാന ആശുപത്രികള്‍

ബ്യൂമോണ്ട് ആശുപത്രി

കാവന്‍ മൊണാഗന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്

കണോലി ആശുപത്രിയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ്

ക്രംലിനിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ്

താലാ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ്

ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ്

കോണോലി ആശുപത്രി, ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി

കോര്‍ക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ആശുപത്രി

കെറി യൂണിവേഴ്‌സിറ്റി ആശുപത്രി

ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ആശുപത്രി

ലൗത്ത് കൗണ്ടി ആശുപത്രി

മാറ്റര്‍ മിസെറിക്കോര്‍ഡിയ യൂണിവേഴ്‌സിറ്റി ആശുപത്രി

മയോ യൂണിവേഴ്‌സിറ്റി ആശുപത്രി

മെഴ്‌സി യൂണിവേഴ്‌സിറ്റി ആശുപത്രി

മെര്‍ലിന്‍ പാര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി

മിഡ്‌ലാന്‍ഡ് റീജിയണല്‍ ആശുപത്രി, ടുള്ളമോര്‍

ഔര്‍ ലേഡീസ് ആശുപത്രി, നവാന്‍

ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രി, ദ്രോഗെദ

പോര്‍ട്ടിയന്‍കുല യൂണിവേഴ്‌സിറ്റി ആശുപത്രി

സെന്റ് ജെയിംസ് ആശുപത്രി

സെന്റ് ലൂക്ക്സ് ജനറല്‍ ആശുപത്രി

സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്‌സിറ്റി ആശുപത്രി

താലാ യൂണിവേഴ്‌സിറ്റി ആശുപത്രി

ടിപ്പററി യൂണിവേഴ്‌സിറ്റി ആശുപത്രി

ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രി

യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക്ക്

യൂണിവേഴ്സിറ്റി ആശുപത്രി വാട്ടര്‍ഫോര്‍ഡ്

വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി

അടിയന്തര ചികിത്സയ്ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കും എന്ത് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 30 ആശുപത്രികളെ സമരം ബാധിക്കുമെന്ന പ്രഖ്യാപനം അവയെല്ലാം പൂര്‍ണമായി അടയ്ക്കുമെന്നര്‍ഥമല്ല. ചികിത്സയ്ക്കായി പോകേണ്ടവര്‍ സമരത്തീയതിയോടടുത്ത് ബന്ധപ്പെട്ട ആശുപത്രിയുടെ അറിയിപ്പുകള്‍ പരിശോധിക്കണം.

ഒക്ടോബര്‍ 14ന് മുമ്പ് ശമ്പളച്ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുമെങ്കില്‍ സമരപ്രഖ്യാപനത്തില്‍ നിന്നും യൂണിയനുകള്‍ പിന്നോട്ട് പോയേക്കും

Get more updates from Pudukad News on Google