റഷ്യയ്ക്കായി പോരാടിയ ഉത്തര കൊറിയൻ സൈനികരെ ദക്ഷിണ കൊറിയയിലെത്തിച്ച് യുക്രെയ്ൻ; സെലൻസ്കി | Russia North Korea military cooperation
Current: മലയാളം

ന്യൂയോർക്ക്/സിയോൾ: റഷ്യയ്ക്കായി യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത് പിടിയിലായ രണ്ട് ഉത്തര കൊറിയൻ സൈനികരെ ദക്ഷിണ കൊറിയയിലെത്തിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. എന്നാൽ സൈനികർ ദക്ഷിണ കൊറിയയിലെത്തിയതായി സിയോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Russia North Korea military cooperation)
റഷ്യയിലെ കുർസ്ക് മേഖലയിൽ 2025 ജനുവരിയിലാണ് യുക്രെയ്ൻ സൈന്യം ഇരുവരെയും ജീവനോടെ പിടികൂടിയത്. 2024ൽ ഉത്തര കൊറിയ റഷ്യയ്ക്കായി സൈനികരെ അയച്ചതിന് ശേഷമുള്ള ആദ്യത്തെ ജീവനോടെ പിടിക്കപ്പെട്ട ഉത്തര കൊറിയൻ സൈനികരായിരുന്നു ഇവർ. പിന്നീട് ഇവരെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കൈമാറുന്നതിനുപകരം റഷ്യയിൽ തടവിലുള്ള യുക്രെയ്ൻ പൗരന്മാരുമായി കൈമാറ്റം ചെയ്യാനുള്ള സാധ്യത സെലൻസ്കി മുന്നോട്ടുവച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ സംഘടനകൾ ഇരുവരെയും ദക്ഷിണ കൊറിയയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തര കൊറിയയിലേക്ക് തിരിച്ചയച്ചാൽ സൈനികർക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ദക്ഷിണ കൊറിയൻ പ്രതിപക്ഷ എംപി യു യോങ്-വോൺ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്, രണ്ട് സൈനികരും കഴിഞ്ഞ വാരാന്ത്യത്തിൽ യുക്രെയ്ൻ വിട്ട് മറ്റൊരു രാജ്യത്തുകൂടി സഞ്ചരിച്ച ശേഷം മൂന്ന്–നാല് ദിവസം മുമ്പ് ദക്ഷിണ കൊറിയയിലെത്തിയെന്നാണ്. നിലവിൽ ഇവർ എവിടെയാണെന്ന് വ്യക്തമല്ലെന്നും ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ പരിഗണിച്ച് വിഷയം സ്ഥിരീകരിക്കാനാകില്ലെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയ്ക്കായി യുദ്ധത്തിൽ പങ്കെടുത്ത് ഉത്തര കൊറിയൻ തടവുകാരായെത്തുന്നവരെ സ്വീകരിക്കുമെന്നും അവരെ റഷ്യയിലേക്കോ ഉത്തര കൊറിയയിലേക്കോ തിരിച്ചയക്കുന്നതിനെ എതിർക്കുമെന്നും ദക്ഷിണ കൊറിയ ജൂണിൽ വ്യക്തമാക്കിയിരുന്നു.
2024 മുതൽ റഷ്യയ്ക്ക് പിന്തുണ നൽകുന്നതിനായി ഉത്തര കൊറിയ ഏകദേശം 14,000 മുതൽ 15,000 വരെ സൈനികരെ അയച്ചിട്ടുണ്ടെന്നാണ് യുക്രെയ്ൻ, ദക്ഷിണ കൊറിയൻ കണക്കുകൾ. ഇവരിൽ ഭൂരിഭാഗവും കുർസ്ക് മേഖലയിലാണ് വിന്യസിക്കപ്പെട്ടത്. റഷ്യയ്ക്ക് ഉത്തര കൊറിയ ദശലക്ഷക്കണക്കിന് പീരങ്കി, മോർട്ടാർ ഷെല്ലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ദീർഘദൂര പീരങ്കികൾ, മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ എന്നിവ നൽകിയിട്ടുണ്ടെന്നും യുക്രെയ്ൻ ഉൾപ്പെടെയുള്ള വിലയിരുത്തലുകൾ പറയുന്നു.
Summary: Ukraine has transferred two captured North Korean soldiers who fought for Russia to South Korea, Ukrainian President Volodymyr Zelenskyy said. South Korea has not officially confirmed the transfer, citing security concerns. The two soldiers were captured in Russia’s Kursk region in January 2025.




