‘സിഗ്മ’യുടെ കഥ ആദ്യം പറഞ്ഞത് ദുൽഖറിനോട്; ചെയ്യാൻ താൽപര്യമുണ്ടായിരുന്നു, പക്ഷേ ഡേറ്റ് പ്രശ്നമായി: ജേസൺ സഞ്ജയ് | Jason Sanjay Sigma movie
Current: മലയാളം

ചെന്നൈ: തന്റെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ കഥ ആദ്യം നടൻ ദുൽഖർ സൽമാനോടാണ് പറഞ്ഞതെന്ന് ജേസൺ സഞ്ജയ്. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ്‌യുടെ മകനായ ജേസൺ സഞ്ജയ് ഇക്കാര്യം പറഞ്ഞത് (Jason Sanjay Sigma movie). ദുൽഖറിന് സിനിമ ചെയ്യാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഡേറ്റ് പ്രശ്നങ്ങൾ കാരണം പിന്നീട് അത് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം മുമ്പാണ് ദുൽഖറിനെ നേരിൽ കണ്ട് ‘സിഗ്മ’യുടെ കഥ പറഞ്ഞതെന്ന് ജേസൺ പറഞ്ഞു. ചെന്നൈയിലുണ്ടായിരുന്ന ദുൽഖറിനെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് ഡേറ്റ് ലഭിക്കുമോ, തന്നെക്കുറിച്ച് അറിയാമോ തുടങ്ങിയ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ജേസൺ വ്യക്തമാക്കി. വ്യത്യസ്ത ജോണറുകളിൽ സിനിമകൾ തിരഞ്ഞെടുക്കുന്ന ദുൽഖറിന്റെ രീതിയാണ് അദ്ദേഹത്തെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂറെടുത്താണ് ദുൽഖറിനോട് കഥ പറഞ്ഞത്. ആ നരേഷൻ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയ അനുഭവമായിരുന്നുവെന്നും ജേസൺ പറഞ്ഞു. കഥയെക്കുറിച്ച് ദുൽഖർ ചില നിർദേശങ്ങൾ നൽകുകയും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് അറിയാൻ താൽപര്യം കാണിക്കുകയും ചെയ്തിരുന്നു.
നരേഷനുശേഷവും ഇരുവരും ബന്ധം തുടരുന്നുണ്ടെന്നും ജേസൺ പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ ദുൽഖറിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഡേറ്റ് പ്രശ്നമായിരുന്നു പ്രധാന തടസ്സമെന്ന് ജേസൺ വ്യക്തമാക്കി. ഭാവിയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’. സന്ദീപ് കിഷനാണ് ചിത്രത്തിലെ നായകൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Summary: Director Jason Sanjay revealed that he first narrated the story of his debut film Sigma to Dulquer Salmaan three years ago. Dulquer was interested in the project, but scheduling issues prevented him from taking it up.




