"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോംഗോയിൽ എബോള വ്യാപനം അതീവ ഗുരുതരം. നോർത്ത് കിവുവിൽ മൂന്നാഴ്ചയ്ക്കിടെ രോഗബാധ 73 ശതമാനം വർദ്ധിച്ചു. ആരോഗ്യപ്രവർത്തകരുടെ കടുത്ത ക്ഷാമം തിരിച്ചടിയെന്ന് ഡബ്ല്യു.എച്ച്.ഒ. മരണം 3,750 കവിഞ്ഞു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ മരണനിരക്ക് 60 ശതമാനത്തിന് മുകളിൽ. 2014-ലെ മഹാമാരിയെ മറികടക്കുമെന്ന് മുന്നറിയിപ്പ്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള തീവ്രശ്രമങ്ങൾക്കിടയിൽ ചികിത്സാകേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ കടുത്ത ക്ഷാമം അതീവ ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).

കിഴക്കൻ പ്രവിശ്യയായ നോർത്ത് കിവുവിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രോഗബാധയിൽ 73 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം കോംഗോയിലെ ഏഴ് പ്രവിശ്യകളിലേക്ക് ഇതിനോടകം രോഗം പടർന്നുപിടിച്ചുകഴിഞ്ഞു.

ആകെ 7,773 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, മരണസംഖ്യ 3,759 ആയി ഉയർന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ആഗസ്റ്റ് 31-നും സെപ്റ്റംബർ 20-നും ഇടയിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇറ്റുരി പ്രവിശ്യയിൽ രോഗബാധ 26 ശതമാനവും ഹൗട്ട്-ഉലെയിൽ 15 ശതമാനവും കുറഞ്ഞതായി ഡബ്ല്യു.എച്ച്.ഒ ആഫ്രിക്കൻ റീജിയണൽ എമർജൻസി ഡയറക്ടർ മേരി റോസ്‌ലൈൻ ബെലിസൈർ വ്യക്തമാക്കിയിട്ടുണ്ട്. 

എങ്കിലും രോഗവ്യാപനം ഒട്ടുംതന്നെ നിയന്ത്രണവിധേയമായിട്ടില്ലെന്നും ചിലയിടങ്ങളിൽ കേസുകൾ കുറയുമ്പോൾ നോർത്ത് കിവു പോലുള്ള മറ്റ് പ്രധാന മേഖലകളിൽ രോഗബാധയും മരണനിരക്കും കുത്തനെ ഉയരുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി.

കുട്ടികൾക്കിടയിലെ ഉയർന്ന മരണനിരക്കാണ് എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ മെഡിക്കൽ സംഘങ്ങൾ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി. മുതിർന്നവരിൽ രോഗബാധ മൂലമുള്ള മരണനിരക്ക് ശരാശരി 40 ശതമാനമാണെങ്കിൽ, അഞ്ച് വയസ്സിന് താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങളിൽ ഇത് 60 ശതമാനത്തിലധികമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ചെറിയ കുട്ടികൾക്ക് തങ്ങൾ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതകളും രോഗലക്ഷണങ്ങളും കൃത്യമായി വിശദീകരിക്കാൻ സാധിക്കാത്തതും ലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ നേരിടുന്ന സങ്കീർണ്ണതകളും കാരണം രോഗനിർണ്ണയം വൈകുന്നതാണ് മരണനിരക്ക് കുത്തനെ ഉയരാൻ ഇടയാക്കുന്നത്.

ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയും വിദഗ്ദ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അഭാവവും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ വ്യാപനമായി കണക്കാക്കപ്പെടുന്ന 2014-2016 കാലഘട്ടത്തിലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള മഹാമാരിയെക്കാൾ ഭീകരമായ തോതിലാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ തോതെന്നും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.

2014-2016 കാലയളവിൽ മൂന്ന് വർഷത്തോളം നീണ്ടുനിന്ന പ്രതിസന്ധിയിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000-ത്തോളം രോഗികൾ മരണപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ നിലവിലെ വ്യാപനത്തിൽ കേവലം രണ്ടുമാസത്തിനുള്ളിൽ തന്നെ മരണസംഖ്യ ആയിരം കടന്നിരിക്കുകയാണ്. മുൻകാലത്തെ അപേക്ഷിച്ച് മൂന്നിരട്ടി വേഗതയിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും ഭയാനകമായ ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. നിലവിൽ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരുന്ന ക്വാറന്റീൻ പട്ടികകൾക്ക് പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ രോഗബാധിതരും എത്തുന്നത് എന്നത് സമൂഹവ്യാപനത്തിന്റെ ഭീതി ഇരട്ടിയാക്കുന്നു.

Get more updates from Pudukad News on Google