"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയൊരു വികസന യുഗത്തിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. 

സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ  ആദ്യ വർഷമായ 2027-28-ലെ പദ്ധതി നിർദ്ദേശങ്ങൾ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായി എറണാകുളം ജില്ലാ ഉന്നത തല യോഗം  കാക്കനാട് ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജനങ്ങളുടെ അനുഭവസമ്പത്തും നിർദ്ദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട് സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണന.


സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. തടസങ്ങളും സാമ്പത്തിക ബാധ്യതകളും തരണം ചെയ്തുകൊണ്ട് പുതിയ വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രായോഗിക കർമ്മപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് മേൽ പുതിയ നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, സാമ്പത്തിക ഇടപാടുകളും വിപണി ചലനങ്ങളും ശക്തമാക്കുന്ന നയ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി സ്വകാര്യ നിക്ഷേപങ്ങളും വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങളും ഉറപ്പു വരുത്തും.


മൂലധന ചെലവ് വർദ്ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുകയാണ് അടുത്ത പ്രധാന ലക്ഷ്യം. ഇതിനായി ഹാർബറുകളും 600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരദേശവും പ്രയോജനപ്പെടുത്തി കേരളത്തെ ഒരു വലിയ തുറമുഖ നഗരം ആക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.


ഇതിനു പുറമേ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ ഹബ്ബുകൾ, പുതിയ എം എസ് എം ഇ കൾ(MSME), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ, ഡാറ്റാ സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായ ശൃംഖലകളും സ്ഥാപിക്കും. 

ഉന്നത വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളെ ലോകോത്തര നിലവാരമുള്ള കേന്ദ്രങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്.


കേന്ദ്രാവിഷ്കൃത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭ്യമാക്കാൻ പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. 


പ്ലാനിംഗ് ബോർഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ച് പദ്ധതികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ‘നോളജ് പാർട്ണർമാരുടെ’ സേവനം ഉറപ്പാക്കും. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോൾ നാടിന്റെ മുഖച്ഛായ മാറ്റുന്ന ‘സിഗ്നേച്ചർ പ്രൊജക്റ്റുകൾ’ നടപ്പിലാക്കണം.


കൃത്യമായ നിർദ്ദേശങ്ങളും കൂടിയാലോചനകളും നടത്തി ഒറ്റക്കെട്ടായി നിന്നുകൊണ്ട് കേരളത്തിന്റെ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജില്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അങ്കമാലി-അരൂർ ദേശീയപാത ബൈപ്പാസ് പദ്ധതി വേഗത്തിലാക്കുന്നതിനുള്ള ശ്രമം നടത്തി വരിയാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. വിജ്ഞാപനം ലഭ്യമായാൽ സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കുകയും എറണാകുളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി യാഥാർഥ്യത്തിലാക്കും. 

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഗ്ലോബൽ ഏവിയേഷൻ ഹബ്ബ്, ഫിലിം സിറ്റി പദ്ധതികളും എറണാകുളത്തിന്റെ വികസന സാധ്യതകൾ വർദ്ധിപ്പിക്കും.


കൊച്ചിയെ ഒരു ലോകോത്തര നഗരമാക്കി മാറ്റുന്നതിനായി ടൂറിസം രംഗത്തും ഗതാഗത മേഖലയിലും ഏവിയേഷൻ സെക്ടറിലും അനന്തമായ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ വികസനം സാധ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എം എൽ എ മാരായ ഉമാ തോമസ്, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, കൊച്ചി മേയർ വി കെ മിനിമോൾ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി പ്രിയങ്ക , പ്ലാനിംഗ് ബോർഡ് അംഗങ്ങളായ ജി. വിജയ രാഘവൻ, പി.പി ബാലൻ, ശ്രീധർ രാധാകൃഷ്ണൻ,വരുൺ സന്തോഷ്, മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസർ എൻ എസ് കെ ഉമേഷ്, അസി.കളക്ർ ഹൃത്വിക് രഞ്ജൻ, എ ഡി എം കെ മനോജ്, കൊച്ചി പൊലീസ് കമ്മീഷ്ണർ എസ് കാളിരാജ് മഹേശ്വർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Get more updates from Pudukad News on Google