‘ഗ്യാനേഷ് കുമാർ രാജി വയ്ക്കണം’: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഗൗരവ് ഗൊഗോയിയടക്കം അറസ്റ്റിൽ, ജന്തർ മന്തറിലടക്കം സംഘർഷാവസ്ഥ, വൻ പോലീസ് വിന്യാസം | Congress Nationwide Protest
Current: മലയാളം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്നും ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രതിഷേധ പ്രകടനങ്ങൾ നടത്തി.(Congress Nationwide Protest Demanding Resignation Of Chief Election Commissioner Gyanesh Kumar)
ഡൽഹി, ജമ്മു, ബീഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും നടന്ന മാർച്ചിനിടെ പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
പോലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമുണ്ടാവുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗ് ഉൾപ്പെടെയുള്ള നേതാക്കളെ ചണ്ഡീഗഡിൽ കസ്റ്റഡിയിലെടുത്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തു. കോൺഗ്രസ് എം.പി. ഗൗരവ് ഗൊഗോയ് ഉൾപ്പെടെ നിരവധി നേതാക്കളെ അസം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ലാംഫെലിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രവർത്തകർ സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.
പോലീസിന് നേരെ പ്രതിഷേധം കനത്തതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജന്തർ മന്തറിലും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും ശക്തമായ ധർണ്ണ സംഘടിപ്പിച്ചു. ജമ്മുവിൽ നടന്ന മാർച്ചിൽ കോൺഗ്രസ് എം.പി സയ്യിദ് നാസിർ ഹുസൈൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലായി. ജമ്മു കശ്മീർ നിയമസഭയിലും കോൺഗ്രസ് എം.എൽ.എമാർ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു. കൊൽക്കത്ത, ലഖ്നൗ, ഭുവനേശ്വർ, ഷിംല, ഡെറാഡൂൺ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ 14-ഓളം തവണ എതിർപ്പ് അറിയിച്ചെന്ന മാധ്യമ റിപ്പോർട്ടുകളാണ് കോൺഗ്രസിന്റെ പ്രതിഷേധം ശക്തമാക്കിയത്. വോട്ടർപട്ടിക തിരുത്തൽ പ്രക്രിയയിലെ ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഭരണഘടനാ സ്ഥാപനങ്ങൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണെന്നും തങ്ങളുടെ തീരുമാനങ്ങളും ഉത്തരവുകളും പൂർണ്ണമായും നിയമപരവും ചട്ടക്കൂടുകൾ പാലിച്ചുമുള്ളതാണെന്നും വ്യക്താമാക്കി.
Story Summary
The Congress party staged massive nationwide protests demanding the resignation and arrest of Chief Election Commissioner Gyanesh Kumar over alleged irregularities in the Special Intensive Revision (SIR) of electoral rolls. Clashes erupted between protesters and police across state capitals, with top leaders including MPs Gaurav Gogoi and Nasir Hussain being detained.




