ഡൽഹിയിലെ 750 കോടി രൂപയുടെ മെഡിക്കൽ ഉപകരണ-മരുന്ന് വിതരണ തട്ടിപ്പ്: പ്രമുഖ ഔഷധ വിതരണക്കാരനും അഴിമതിയുടെ പ്രധാന സൂത്രധാരനുമായ രാജീവ് രംഗീല അമേരിക്കയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ അറസ്റ്റിൽ; ബിനാമി കമ്പനികളുടെ പേരിൽ കരാറുകൾ കൈക്കലാക്കി വൻ അഴിമതി നടത്തിയത് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന്

Current: മലയാളം

ഡല്‍ഹി: ഡല്‍ഹി ആരോഗ്യ വകുപ്പിലെ കോടികളുടെ മരുന്ന്-വൈദ്യശാസ്ത്ര ഉപകരണ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രമുഖ ഔഷധ വിതരണക്കാരന്‍ രാജീവ് രംഗീലയെ (47) അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു.
ജൂണ്‍ രണ്ടിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി എ.സി.ബിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട രംഗീലയ്ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും നിലവിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തെ എ.സി.ബി കസ്റ്റഡിയില്‍ വിട്ടു. ഏകദേശം 750 കോടി രൂപയുടെ തട്ടിപ്പിലെ പ്രധാന സൂത്രധാരനാണ് രംഗീലയെന്ന് അധികൃതര്‍ അറിയിച്ചു.
തന്റെ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ നാല് വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ കരാറുകള്‍ കൈക്കലാക്കിയിരുന്നത്. ഡല്‍ഹി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിലെയും സെന്‍ട്രല്‍ പ്രൊക്യുര്‍മെന്റ് ഏജന്‍സിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഇയാള്‍ സിസ്റ്റത്തിലെ പോരായ്മകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയത്.
കേസില്‍ മുന്‍ ഡി.ജി.എച്ച്.എസ് ഡയറക്ടര്‍ ജനറല്‍ വത്സല അഗര്‍വാള്‍, സി.പി.എ മുന്‍ മേധാവി വിനോദ് കുമാര്‍ രംഗ, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് നീരജ് ചോപ്ര എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഡല്‍ഹി വിജിലന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോര്‍ട്ടബിള്‍ എക്‌സ്-റേ ഉപകരണങ്ങള്‍, അനസ്തീഷ്യ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണത്തില്‍ വന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എ.സി.ബി അന്വേഷണം ആരംഭിച്ചത്.




