"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുട്ടിൽ മരംമുറി കേസ്; പിഴവുകൾ തിരുത്തിയ പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നേരത്തെ സാങ്കേതിക പിഴവുകളും ആവശ്യമായ രേഖകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം മടക്കിയിരുന്നു.

അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നും മരം വനഭൂമിയിൽ നിന്നാണോ റവന്യൂ ഭൂമിയിൽ നിന്നാണോ മുറിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിടിച്ചെടുത്ത തടികളും മരം കടത്താൻ ഉപയോഗിച്ച വാഹനവും സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ആവശ്യമായ രേഖകളിലും പോരായ്മകളുണ്ടായിരുന്നു.

തുടർന്ന് ചൂണ്ടിക്കാട്ടിയ പിഴവുകളും ക്ലറിക്കൽ തെറ്റുകളും പരിഹരിച്ച് ആവശ്യമായ വിശദീകരണങ്ങളും രേഖകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം വീണ്ടും സമർപ്പിച്ചത്. ഇതോടെയാണ് കോടതി ഫയലിൽ സ്വീകരിച്ചത്. കേസിൽ അടുത്ത നടപടികൾക്കായി ഒക്ടോബർ 26ന് കോടതി പരിഗണിക്കും.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര കോടതിയിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ വഞ്ചനാക്കേസും നിലവിലുണ്ട്. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ ചോറ്റാനിക്കര കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ നേരത്തെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു.

മുട്ടിൽ കേസിലെ 1/2021 കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ. കേരള ഫോറസ്റ്റ് ആക്ട്, ബയോഡൈവേഴ്സിറ്റി ആക്ട്, 1975ലെ ട്രാൻസിറ്റ് റൂൾ തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Get more updates from Pudukad News on Google