‘അശാന്തം’ ഒടിടി റിലീസിന്; ആർ ജെ പ്രസാദ് ചിത്രം ട്രെയ്ലർ പുറത്ത് | Ashantham movie

Current: മലയാളം

കൊച്ചി: കൈലാസ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആർ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ‘അശാന്തം’ ഒടിടി റിലീസിനൊരുങ്ങുന്നു (Ashantham movie). ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ പ്രേക്ഷകരിലേക്ക് എത്തിയത്.
പുതുമുഖങ്ങളായ രജിത്ത് വി. ചന്തുവും റെയ്ന റോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാന്തകുമാരി, സിന്ധു ജേക്കബ്, മധു, പ്രിൻസ് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കിന്നാരത്തുമ്പികൾ’ (2000), ‘മഞ്ഞുകാലപ്പക്ഷി’ (2000), ‘പുന്നാര പൂങ്കുയിൽ’ (2003), ‘മാണിക്യം’ (2015) എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ ജെ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ഒരു യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളും അതിന്റെ പ്രത്യാഘാതമായി കുടുംബബന്ധങ്ങളിലുണ്ടാകുന്ന തകർച്ചയുമാണ് ‘അശാന്തം’ പറയുന്നത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നേതൃത്വത്തിൽ ചിത്രം ഉടൻ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
2025ലെ ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ‘അശാന്തം’ നേടിയിരുന്നു. അജന്ത-എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വിന്ദ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ, ഫെസ്റ്റിവൽ ആഞ്ചലിക്ക എന്നിവയിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ജയചന്ദ്ര കൃഷ്ണയാണ് ചിത്രത്തിന്റെ എഡിറ്റർ. റോണി റാഫേൽ പശ്ചാത്തല സംഗീതവും പ്രേംരാജ് ബാലുശ്ശേരി കലാസംവിധാനവും നിർവഹിച്ചു. അർജുൻ ബാലരാമപുരമാണ് മേക്കപ്പ്. ഷാജിറ ഷെറീഫും റൂബി പൊന്നാലയവും വസ്ത്രാലങ്കാരം നിർവഹിച്ചു. എൻ. ഹരികുമാർ സൗണ്ട് മിക്സിംഗും മഹാദേവൻ കളറിംഗും നിർവഹിച്ചു. പ്രേമകുമാറാണ് സ്റ്റിൽസ് ഒരുക്കിയത്. പോസ്റ്റർ ഡിസൈൻ രമേഷ് എം. ചാനലാണ്.
Story Summary:
Malayalam film Ashantham, written, shot and directed by R J Prasad, is set for an OTT release. Starring debutants Rajith V Chanthu and Reyna Roy, the film explores the psychological struggles and family conflicts faced by a young woman following sexual assault.




