വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിത്തം പതിവ്. ആശങ്കയിൽ കായൽ ടൂറിസം മേഖല. പരിശോധനകൾ നടക്കാറില്ലെന്നു ആക്ഷേപം. അപകടങ്ങളെക്കുറിച്ച് പഠിക്കാൻ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരാറില്ല

Current: മലയാളം

കോട്ടയം: വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് സംസ്ഥാനത്തെ കായൽ ടൂറിസം മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആവശ്യമായ സുരക്ഷാ പരിശോധനകളും കൃത്യമായ അറ്റകുറ്റപ്പണികളും ബോട്ടുകളിൽ നടക്കാറില്ലെന്ന പരാതിയും ശക്തമാണ്.
അപകടങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരാറില്ല.
മാനദണ്ഡങ്ങൾ പാലിച്ചുള്ള കർശന പരിശോധനകളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയില്ലെങ്കിൽ കായൽ ടൂറിസം മേഖല വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം.
ജീവനക്കാരുടെയും സഞ്ചാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അശ്രദ്ധയാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്ന് പറഞ്ഞ് ബോട്ട് ഉടമകൾ കൈയ്യൊഴിയുകയും ചെയ്യും.
പനമ്പുമറ, പ്ലൈവുഡ്, കനംകുറഞ്ഞ തടികൾ എന്നിവ ഉപയോഗിച്ചാണ് ഭൂരിഭാഗം ഹൗസ്ബോട്ടുകളുടെയും മേൽക്കൂരയും ഉൾവശവും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, ചെറിയൊരു തീപ്പൊരി വീണാൽപ്പോലും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ ബോട്ട് പൂർണ്ണമായും കത്തിയമരുകയാണ് പതിവ്.
ജെട്ടികളിൽ ബോട്ടുകൾ ഒന്നിച്ചുകെട്ടിയിടുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഒരു ബോട്ടിന് തീപിടിച്ചാൽ സമീപത്തുള്ള മറ്റു ബോട്ടുകളിലേക്ക് അത് വേഗത്തിൽ പടരുകയും, അഴിച്ചുമാറ്റാൻ സമയം ലഭിക്കാതെ വന്നാൽ വലിയ ദുരന്തത്തിന് വഴിവെക്കുകയും ചെയ്യുന്നു.
വില്ലനാകുന്ന അടുക്കളയും വൈദ്യുതി തകരാറുകളും
നടന്ന അപകടങ്ങളിൽ ഭൂരിഭാഗത്തിലും തീ പടർന്നുപിടിച്ചത് അടുക്കള ഭാഗത്തുനിന്നാണ്.
ജനറേറ്റർ വയറിംഗ് മൂലം ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് , ഇന്ധന ആവശ്യത്തിനായി പെട്രോളും ഡീസലും കന്നാസുകളിൽ അധികമായി കരുതുന്നത്.
നിയന്ത്രണമില്ലാത്ത പുകവലിയും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. സുരക്ഷാവീഴ്ചകളും
ഹൗസ്ബോട്ടുകളിൽ പുകവലിക്ക് കർശന നിരോധനമുണ്ടെങ്കിലും സഞ്ചാരികൾ പലപ്പോഴും ഇത് പാലിക്കാറില്ല. കത്തിയ സിഗററ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു.




