ബംഗാളിലെ ഉൾഗ്രാമങ്ങളിൽ ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തുടർച്ചയായ അക്രമം. രണ്ടര മാസത്തിനിടെ മുപ്പത്തഞ്ചിലധികം അതിക്രമങ്ങളെന്ന് റിപ്പോർട്ട്. പ്രാർത്ഥനകൾ തടസ്സപ്പെടുത്തി പള്ളികളും വീടുകളും തകർക്കുന്നു. കുട്ടികളെയും സ്ത്രീകളെയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പോലീസ് നടപടിയെടുക്കുന്നില്ലെന്നും സർക്കാർ മൗനം പാലിക്കുന്നുവെന്നും ന്യൂനപക്ഷ സംഘടനകൾ

Current: മലയാളം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലകളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണെത്താത്ത ഇടങ്ങളിൽ ചെറു ക്രൈസ്തവ സമൂഹങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ അക്രമങ്ങളും ഭീഷണികളും വർദ്ധിച്ചുവരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകൾ വിശ്വാസികളുടെ വീടുകളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് പോർട്ടലായ ‘ആൾട്ട് ന്യൂസ്’ നടത്തിയ അന്വേഷണാത്മക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചുരുങ്ങിയ മാസങ്ങൾക്കിടയിൽ മാത്രം ഇത്തരത്തിലുള്ള മുപ്പത്തഞ്ചിലധികം ഗുരുതര അക്രമ സംഭവങ്ങളാണ് ആൾട്ട് ന്യൂസ് വസ്തുതാപരമായി രേഖപ്പെടുത്തിയത്. വലിയ ദേവാലയങ്ങളേക്കാൾ ആദ്യ തലമുറ വിശ്വാസികളും ദരിദ്ര ജനവിഭാഗങ്ങളും ഒത്തുകൂടുന്ന ചെറിയ വീട്ടുപ്രാർത്ഥനകളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
പലയിടങ്ങളിലും പോലീസ് ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അക്രമികൾക്ക് എതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബംഗിയ ക്രിസ്തീയ പരിഷേബ (ബി.സി.പി) സ്ഥാപകൻ ഹെറോൾഡ് മല്ലിക് ചൂണ്ടിക്കാട്ടി.
അക്രമികളെ സംരക്ഷിക്കുകയും മർദ്ദനമേറ്റ നിരപരാധികളായ വിശ്വാസികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് ഭൂരിഭാഗം ഇടങ്ങളിലും നടക്കുന്നത്.
അക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സംസ്ഥാന ഭരണകൂടം തികഞ്ഞ നിസ്സംഗതയും മൗനവുമാണ് പാലിക്കുന്നതെന്നും കുരിശുകൾ തകർക്കപ്പെടുകയും ആളുകൾ പരസ്യമായി തല്ലിച്ചതയ്ക്കപ്പെടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് സഭകൾ ഒരുതരത്തിലുമുള്ള നിർബന്ധിത മതപരിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തെറ്റായ ആരോപണങ്ങൾ മനഃപൂർവ്വം പടച്ചുവിട്ട് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു.
ഈസ്റ്റ് മിഡ്‌നാപ്പൂരിലെ ഖേജൂരിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചുകയറിയ അൻപതോളം പേരടങ്ങുന്ന സംഘം പാസ്റ്ററുടെ കൊച്ചുമകനായ കുട്ടിയെയടക്കം ക്രൂരമായി മർദ്ദിക്കുകയും പള്ളി ബലമായി പൂട്ടി ഭിത്തികളിൽ ‘റാം’ എന്ന് ചായം പൂശുകയും ചെയ്തു.
ക്രിസ്തുമതം ഭാരതീയ സംസ്കാരമല്ലെന്നും ബൈബിൾ ഇന്ത്യയിൽ എഴുതിയതല്ലെന്നും ആക്രോശിച്ചായിരുന്നു ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹൗറയിലെ അംതയിൽ സ്വന്തം വീട്ടിൽ പ്രാർത്ഥന നടത്തിയിരുന്ന പുതുൽ മന്ന, കാഞ്ചൻ മന്ന എന്നീ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന് അന്ത്യശാസനം നൽകുകയും അല്ലാത്തപക്ഷം പത്ത് വയസ്സുള്ള മകനെയടക്കം വീട്ടിൽ നിന്ന് തെരുവിലേക്ക് ഇറക്കിവിടുമെന്നും പൂർവ്വിക സ്വത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന നിഷേധ നിലപാടാണ് പ്രാദേശിക പോലീസ് സ്വീകരിച്ചത്. വെസ്റ്റ് മിഡ്‌നാപ്പൂരിലെ ദന്തൻ താലൂക്കിലെ സിർണി ഗ്രാമത്തിലും ഞായറാഴ്ച പ്രാർത്ഥനാ യോഗം തടസ്സപ്പെടുത്തുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ആശാലത മുർമു അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി വിശ്വാസികളെ മരത്തിൽ കെട്ടിയിടുമെന്ന് പരസ്യമായി ആക്രോശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
ബാങ്കുറയിലെ ശ്യാംനഗറിൽ തുളസി ദാസ് എന്ന സ്കൂൾ അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ, അവർ വീട്ടിലിരുന്ന് യേശുവിനോട് രോഗശാന്തിക്കായി പ്രാർത്ഥിച്ചുവെന്ന കുറ്റം ചുമത്തി കടുത്ത ഭീഷണി മുഴക്കി.
ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് കുറ്റസമ്മത കത്ത് എഴുതി നൽകിയില്ലെങ്കിൽ സ്കൂളിൽ നിന്ന് പിരിച്ചുവിടുമെന്നും നാട്ടിൽ നിന്ന് പൂർണ്ണമായി ഊരുവിലക്കുമെന്നുമായിരുന്നു അക്രമികളുടെ മുന്നറിയിപ്പ്.
സൗത്ത് 24 പർഗാനാസിലെ കുൽപിയിൽ വയോധികയുടെ കൈയിലുണ്ടായിരുന്ന വിശുദ്ധ ബൈബിൾ വലിച്ചുകീറുകയും നാവ് പിഴുതെടുക്കുമെന്ന് ആക്രോശിക്കുകയും ചെയ്തപ്പോൾ, പൻസ്കുരയിൽ പ്രാർത്ഥന തടഞ്ഞ് വിശ്വാസികളെ തുളസിത്തറയ്ക്ക് മുന്നിൽ ബലമായി നിർത്തുകയും നിർബന്ധപൂർവ്വം പ്രണാമം ചെയ്യിച്ച് ഹരേ കൃഷ്ണ മന്ത്രം ചൊല്ലിക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനായി അക്രമികൾ തന്നെ ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അഭിമാനത്തോടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് അടിവരയിടുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും കുറ്റകരമായ നിഷ്ക്രിയത്വമാണ് നിയമവാഴ്ചയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരായ ഇത്തരം ആൾക്കൂട്ട അക്രമങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമെന്ന് മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തുന്നു.




