പാർട്ടി രഹസ്യങ്ങൾ വാട്സാപ്പ് വഴി മാധ്യമങ്ങൾക്ക് ചോർത്തുന്നവരെ പൂട്ടാൻ സിപിഎം. ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകും’, തിരുവനന്തപുരം സി.പി.എമ്മിൽ തുറന്ന പോര്. കോവളത്ത് ചേരുന്ന വിശാല ജില്ലാ കമ്മിറ്റിയിൽ വാർത്താ ചോർച്ചയ്ക്കെതിരെ വി. ജോയി തുറന്നടിക്കും. സംസ്ഥാന സമിതിയിലെയും സെക്രട്ടേറിയറ്റിലെയും വിവരങ്ങൾ ചോർത്തുന്നത് ആരെന്ന് മറുചോദ്യവുമായി അംഗങ്ങൾ. വിവാദമായ ഫോൺ പരിശോധനാ നീക്കത്തിന് പിന്നാലെ കടുത്ത നടപടിയിലേക്ക് നേതൃത്വം

Current: മലയാളം

തിരുവനന്തപുരം: വാർത്ത ചോർത്തലിനെതിരെ രൂക്ഷ വിമർശനം അടങ്ങിയ റിപോർട്ട് വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി.
ഈമാസം 30ന് കോവളത്ത് വെച്ച് നടക്കുന്ന വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപോർട്ടിലാണ് ജില്ലാ നേതൃസമിതികളിൽ നിന്നുളള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നത്.
വാട്സാപ്പ് പോലുളള സമൂഹ മാധ്യമങ്ങളിലൂടെയാണ് പാർട്ടി രഹസ്യങ്ങളും ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നടക്കുന്ന ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുന്നതെന്നാണ് ജില്ലാ സെക്രട്ടറി വി.ജോയി അവതരിപ്പിച്ച കരട് റിപോർട്ടിലെ പരാമർശം.
പലനാൾ കളളൻ ഒരു നാൾ പിടിക്കപ്പെടുമെന്നും കരട് റിപോർട്ട് അവതരിപ്പിച്ച് കൊണ്ട് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. വാട്സാപ്പ് വഴി പാർട്ടി രഹസ്യങ്ങൾ ചോർത്തുന്നവരെ കണ്ടെത്തി കർശന നടപടി എടുക്കുമെന്നും റിപോർട്ടിൽ പറയുന്നുണ്ട്.
കീഴ് ഘടകങ്ങളും വാർത്ത ചോരുന്ന വഴി കണ്ടെത്തി നടപടി എടുക്കാൻ തയാറാകണമെന്നും റിപോർട്ട് ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതി അംഗീകരിച്ച റിപോർട്ടിലെ നിർദ്ദേശമാണിതെന്ന് പറഞ്ഞുകൊണ്ടാണ് വി.ജോയി വാർത്ത ചോർച്ചക്ക് എതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ വിവരങ്ങൾ ചോരുന്നതിൽ ജില്ലാ സെക്രട്ടറിയുടെ റിപോർട്ട് പ്രകടിപ്പിക്കുന്ന ആശങ്കയ്ക്കെതിരെ ചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നു.
ജില്ലാ കമ്മിറ്റിയിൽ നിന്ന് വിവരങ്ങൾ ചോരുന്നുവെന്ന് കുറപ്പെടുത്തുന്ന റിപോർട്ട് ജില്ലാ സെക്രട്ടേറിയേറ്റിലെയും സംസ്ഥാന കമ്മിറ്റിയിലെയും സംസ്ഥാന സെക്രട്ടേറിയേറ്റിലെയും വിവരങ്ങൾ എങ്ങനെയാണ് പുറത്തുവരുന്നതെന്നായിരുന്നു ചർച്ചയിൽ ഉയർന്ന ചോദ്യം.
സംസ്ഥാന കമ്മിറ്റിയിലെയും ജില്ലാ സെക്രട്ടേറിയേറ്റിലെയും ചർച്ചകൾ വിശദമായി തന്നെ പുറത്തുവരുന്നുണ്ട്. അത് അവസാനിപ്പിച്ചിട്ട് പോരെ കീഴ് ഘടകങ്ങളിലെ പിഴവ് ചോദ്യം ചെയ്യാനെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച മുതിർന്ന ജില്ലാ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് നടന്നപ്പോൾ സംസ്ഥാന സമിതി അംഗങ്ങൾ ഒന്നിച്ചിരുന്ന് ഒരു പേരുമായി വരാനാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടതെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒറ്റ പേരിൽ എത്താനാകാതെ കുഴങ്ങുകയായിരുന്നു. സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ നടന്ന ചർച്ചകൾ ജില്ലാ കമ്മിറ്റിയിൽ എത്തുന്നതിന് മുൻപ് തന്നെ ചോർന്ന് പോയതായും ചാല ഏരിയാ കമ്മിറ്റിയിൽ നിന്നുളള ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.
ജില്ലാ സെക്രട്ടേറിയേറ്റിൽ ജില്ലാ സെക്രട്ടറി വി.ജോയിയും മുതിർന്ന സംസ്ഥാന സമിതി അംഗം കടകംപളളി സുരേന്ദ്രനും തമ്മിൽ നടന്ന വാക് പോര് ചില മാധ്യമങ്ങളിൽ വന്നതാണ് വാർത്ത ചോർച്ചയെപ്പറ്റി ആശങ്ക ഉയരുന്നതിൻെറ കാരണം.
വാക് പോരിൻെറ വിശദാംശങ്ങൾ ഏതാണ്ട് അതേപടി മാധ്യമങ്ങളിൽ വരികയായിരുന്നു. ഇതേ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ അംഗങ്ങളായവരോട് ഫോൺ പരിശോധിക്കാനുളള സമ്മത പത്രം ഒപ്പിട്ടുവാങ്ങാനുളള ജില്ലാ സെക്രട്ടറി വി.ജോയിയുടെ നടപടി ഏറെ വിവാദമായിരുന്നു.
ഫോൺ രേഖകൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ചേർന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഫോൺ പരിശോധിക്കാനുളള നീക്കത്തിന് എതിരെ നിർദ്ദേശം വന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു. മുതിർന്ന നേതാക്കളായ വി.ശിവൻകുട്ടിയും കടകംപളളി സുരേന്ദ്രനുമാണ് എതിർപ്പ് ഉയർത്തിയത്.
വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവരോട് ഫോൺ രേഖ പരിശാേധിക്കാൻ നീക്കമെന്ന മട്ടിൽ അതും വാർത്തയായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെട്ട് വി.ജോയിയെ നടപടിയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ഫോൺ പരിശോധിക്കാൻ ഉളള നീക്കം പരാജയപ്പെട്ടതോടെയാണ് വാർത്ത ചോർച്ചക്കെതിരായ നടപടി നിർദ്ദേശം വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപോർട്ടിൽ ഉൾപ്പെടുത്തിയത്.




