ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം ജിജി തോംസന്റെ വെളിപ്പെടുത്തലോടെ പുറത്തായെന്ന് ബിനോയ് വിശ്വം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണം. ഗ്യാനേഷ് കുമാറിന്റെ കീഴിൽ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും നടക്കുമോയെന്നതിൽ ഗുരുതര ആശങ്കയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Current: മലയാളം

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോട് കൂടി ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താപിച്ചു.
സുപ്രധാന പദവി വഹിക്കുന്ന ഐഎഎസ് ഓഫീസർ ആയിരിക്കെ കേരളത്തിലെ ചീഫ് സെക്രട്ടറി ആയിരുന്ന ഒരാളോട് ബിജെപിയിൽ ചേർന്നാൽ മന്ത്രി ആക്കാം എന്ന് പറയുകയാണ് ഗ്യാനേഷ് കുമാർ ചെയ്തത്.
ഭരണം കയ്യാളുന്ന വർഗീയ കക്ഷിക്ക് വേണ്ടി ഏതറ്റംവരെയും തരംതാഴാൻ തയ്യാറാകുന്ന ഒരാളാണ് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന സ്ഥിതിവിശേഷം ജനാധിപത്യത്തിന്റെ നെഞ്ചിലേൽക്കുന്ന മുറിവാണ്.
ബിജെപിക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ ചാക്കിട്ടു പിടിക്കാൻ ശ്രമിച്ച ഇതേ ഗ്യാനേഷ് കുമാർ കുംഭകോണത്തിന് പേരുകേട്ട അയോധ്യ ട്രസ്റ്റിന്റെ ചുമതലക്കാരനായി. അമിത് ഷാക്കുവേണ്ടി സഹകരണ ജനാധിപത്യത്തിന്റെ കഴുത്തറ്ക്കാൻ ബിജെപി നിയോഗിച്ചത് വിശ്വസ്തനായ ഈ സേവകനെ തന്നെയാണ്.
അവിടെയെല്ലാം ഇന്ത്യൻ ഫാസിസത്തിന്റെ പ്രതിരൂപങ്ങളായ മോദിക്കും അമിത്ഷായ്ക്കും വേണ്ടി നടത്തിയ ഉപജാപങ്ങളുടെ സമ്മാനമായാണ് ഗ്യാനേഷ് കുമാറിനെ അദ്ദേഹത്തിന്റെ യജമാനന്മാർ മുഖ്യാതിരഞ്ഞെടുപ്പ് കമ്മീഷണർ ആക്കിയത്. ഗ്യാനേഷ് കുമാറിന്റെ സഹ കമ്മീഷണർമാർക്ക് പോലും പൊറുക്കാനാവാത്ത വഴിക്കാണ് ഈ ബിജെപി ദാസൻ നീങ്ങിയത്.
13 കോടി ഇന്ത്യക്കാരുടെ സമ്മതിദാന അവകാശം തട്ടിപ്പറിച്ച ഈ സ്വേച്ഛാധിപതി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് അപമാനം ആണ്.
ഇങ്ങനെ ഒരാളുടെ കീഴിൽ തെരഞ്ഞെടുപ്പ് ഒരിക്കലും സ്വതന്ത്രവും നീതിപൂർവ്വവും ആവില്ലെന്ന് ജനാധിപത്യവാദിയായ ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കി കഴിഞ്ഞു. ഭരണഘടനയോട് ഒരു തരി കൂറെങ്കിലും ഉണ്ടെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവച്ച് ഒഴിയണം.
അല്ലാത്തപക്ഷം ആളിപ്പടരുന്ന ജനരോഷത്തിനു മുന്നിൽ ഈ ജനാധിപത്യവിരുദ്ധന മുട്ടുമടക്കി ഇറങ്ങിപ്പോകേണ്ടി വരും. ഇന്ത്യയിൽ ശക്തി പ്രാപിച്ചു കഴിഞ്ഞ പ്രതിപക്ഷ ഐക്യ നിര അതാണ് വിളിച്ചറിയിക്കുന്നത്. ഗ്യാനേഷ് കുമാറിന് പിറകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരും എന്ന് ബിനോയ് വിശ്വം കൂട്ടി ചേർത്തു.




