എൻ.എസ്.എസിന്റെ പേര് ‘മക്കൾ സർവീസ് സൊസൈറ്റി’ എന്നാക്കി മാറ്റണം. ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ബി. ഗണേഷ് കുമാർ. പ്രൊഫസറാകാൻ യോഗ്യതയില്ലാത്ത മകൾക്ക് സകല കോളേജുകളുടെയും ഭരണം നൽകിയെന്നും വിമർശനം. ലീഗ് മന്ത്രിക്ക് സ്വീകരണം നൽകിയത് ചെറുമകന്റെ കാര്യം സാധിക്കാൻ. ബാങ്ക് നിക്ഷേപം പിൻവലിപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ബന്ധുവിനെ പുറത്താക്കിയതിനെന്നും ആക്ഷേപം. സംഘടനയെ ദുഷ്ടന്റെയും ഭീരുവിന്റെയും കയ്യിൽ നിന്ന് രക്ഷിക്കണമെന്ന് ഗണേഷ് കുമാർ

Current: മലയാളം

പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണവും പരിഹാസവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ.
നിലവിൽ എൻ.എസ്.എസ് നിലനിൽക്കുന്നത് സുകുമാരൻ നായരുടെ സ്വന്തം മക്കൾക്കും അടുത്ത ബന്ധുക്കൾക്കും വേണ്ടിയാണെന്നും അതിനാൽ സംഘടനയുടെ പേര് എൻ.എസ്.എസ് എന്നതിന് പകരം എം.എസ്.എസ് (മക്കൾ സർവീസ് സൊസൈറ്റി) എന്ന് മാറ്റുന്നതാണ് ഉചിതമെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
വണ്ടൻമേട് എൻ.എസ്.എസ് യൂണിയൻ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച സുകുമാരൻ നായരുടെ മകളെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി എൻ.എസ്.എസിന് കീഴിലുള്ള സകല കോളേജുകളുടെയും ഭരണച്ചുമതല ഏൽപ്പിച്ചിരിക്കുകയാണ്.
പ്രൊഫസറാകാൻ പോലും അടിസ്ഥാന യോഗ്യതയില്ലാത്ത മകളാണ് ഇന്ന് സമുദായത്തിന്റെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അടക്കിഭരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ദിവസം പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെ സുകുമാരൻ നായർ പൊന്നാടയണിയിച്ച് വൻ സ്വീകരണം നൽകിയതിന് പിന്നിൽ കടുത്ത സ്വാർത്ഥ താല്പര്യങ്ങളാണുള്ളതെന്ന് ഗണേഷ് കുമാർ ആരോപിച്ചു.
തന്റെ ചെറുമകന് സർക്കാർ സർവീസിൽ കയറുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കിയെടുക്കാൻ വേണ്ടിയായിരുന്നു ആ നാടകീയ സ്വീകരണം. ഇവർക്ക് സ്നേഹം മുസ്ലിം ലീഗിന്റെ മന്ത്രിയോട് മാത്രമാണ്, അല്ലാതെ മുസ്ലിം സമുദായത്തോടല്ല.
ചങ്ങനാശ്ശേരിയിലെ ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവം നിർത്തലാക്കാൻ പിന്നിൽ നിന്ന് ചരടുവലിച്ചത് സുകുമാരൻ നായരാണെന്നും എന്നിട്ടാണ് ഇപ്പോൾ മുസ്ലിം സമുദായ സ്നേഹം പ്രസംഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധനലക്ഷ്മി ബാങ്കിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ ബന്ധുവിനെ ബാങ്ക് അധികൃതർ പുറത്താക്കിയ വിരോധത്തിലാണ് എൻ.എസ്.എസ് കരയോഗങ്ങളിലെ മുഴുവൻ സ്ഥിരനിക്ഷേപങ്ങളും ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ സുകുമാരൻ നായർ തിട്ടൂരമിറക്കിയത്.
മാതാ അമൃതാനന്ദമയിയെ മുൻപ് ജാതി പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചയാളാണ് ഇദ്ദേഹമെന്നും, എന്നാൽ അതേ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് സ്വന്തം ചെറുമകനെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടെ നിൽക്കുന്നവരുടെ കഴുത്തിൽത്തന്നെ കത്തിവെക്കുന്ന കുടില തന്ത്രമാണ് എൻ.എസ്.എസ് നേതൃത്വത്തിലിരുന്ന് ഇയാൾ നടപ്പിലാക്കുന്നത്. സ്വന്തം ഭാര്യയ്ക്കും മക്കൾക്കും ഇഷ്ടക്കാർക്കും പദവികളും ജോലികളും പങ്കിട്ടുനൽകി സമുദായ അംഗങ്ങളെ സ്വന്തം അടിമകളാക്കി മാറ്റുകയാണ്.
അഭിഭാഷകർ മാത്രമേ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പദവിയിലിരിക്കാവൂ എന്നായിരുന്നു മന്നത്ത് പത്മനാഭന്റെ കാലം മുതലുള്ള കീഴ്വഴക്കമെങ്കിലും പത്താം ക്ലാസ് പോലും ജയിക്കാത്തവർക്കും ആ കസേരയിലിരിക്കാമെന്ന് ഈ നേതൃത്വം തെളിയിച്ചു തന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
എൻ.എസ്.എസിനെ ഒരു ദുഷ്ടന്റെയും ഭീരുവിന്റെയും പിടിയിൽ നിന്ന് രക്ഷിച്ചെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും നേതാക്കൾ നൽകുന്ന നക്കാപ്പിച്ച കണ്ട് നായന്മാർ ആത്മാഭിമാനം പണയപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയനെയും പത്തനാപുരം എൻ.എസ്.എസ് യൂണിയനെയും എന്ത് കാരണത്താലാണ് രാത്രിയുടെ മറവിൽ പിരിച്ചുവിട്ടതെന്ന് സമുദായത്തോട് തുറന്നുപറയാൻ സുകുമാരൻ നായർക്ക് ധൈര്യമുണ്ടോ എന്നും കെ.ബി. ഗണേഷ് കുമാർ വെല്ലുവിളിച്ചു.




