"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള ടൂറിസത്തിന്റെ ആയുര്‍വേദ പ്രചാരണ പരിപാടികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ മികച്ച സ്വാധീനമെന്ന് കെടിഎമ്മിലെ വിദേശ പ്രതിനിധികള്‍

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യവും ആയുര്‍വേദ ടൂറിസവും അറബ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം-2026) വിദേശ പ്രതിനിധികള്‍. പാരമ്പര്യ നിഷ്ഠയോടെ ആയുര്‍വേദം പരിശീലിച്ചുപോരുന്ന പ്രദേശമെന്ന കേരളത്തിന്റെ പ്രത്യേകതയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിന്റെ കാമ്പയിനുകള്‍ മിഡില്‍ ഈസ്റ്റില്‍ ആയുര്‍വേദത്തിന് ഏറെ പ്രചാരം നല്‍കിയ കാര്യവും പ്രതിനിധികള്‍ എടുത്തുപറഞ്ഞു.

യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പശ്ചിമേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കെടിഎമ്മില്‍ ശ്രദ്ധേയമാണ്. അറബ് രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യയിൽ നിന്നുമായി ഏറ്റവുമധികം ബയേഴ്‌സ് എത്തിയത് യുഎഇയില്‍ നിന്നാണ്, 23 പേര്‍. ഒമാനില്‍ നിന്ന് 13 പേരുണ്ട്. ഇസ്രായേല്‍ -8, സൗദി അറേബ്യ -6, കുവൈറ്റ് -5, ഖത്തര്‍ -4, തുര്‍ക്കി 2, ലെബനന്‍ -1 എന്നിങ്ങനെയാണ് മറ്റ് പങ്കാളിത്തം.


അറബ് രാജ്യങ്ങളില്‍ ഈയടുത്ത കാലത്താണ് ആയുര്‍വേദത്തിന് വലിയ തോതില്‍ പ്രചാരം കൂടിയതെന്ന് ഒമാനില്‍നിന്നുള്ള ട്രാവല്‍-ടൂറിസം കമ്പനി ഉടമയും ബയറുമായ അമീന്‍ അല്‍ഷാഖ്‌സി പറഞ്ഞു. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ കാമ്പയിനുകളിലൂടെയുമാണ് ആയുര്‍വേദത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്.


 

 

ആളുകള്‍ ആയുര്‍വേദത്തിന്റെ രോഗശാന്തി ശേഷി തിരിച്ചറിഞ്ഞതോടെ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂപ്രകൃതിയും സവിശേഷമായ കാലാവസ്ഥയും കേരളത്തിലെ ആയുര്‍വേദ മേഖലയ്ക്ക് അനുഗ്രഹമാണെന്നും ഇത് മിഡില്‍ ഈസ്റ്റിലെ ക്ലയന്റുകളെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ- വെല്‍നസ് ടൂറിസം മേഖലയില്‍ നിന്നുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, രോഗശാന്തി കേന്ദ്രങ്ങള്‍ എന്നിവയുടെ വിപുലമായ സാന്നിധ്യമാണ് ഇത്തവണ കെടിഎം എക്‌സ്‌പോയിലുള്ളത്.

മികച്ച കാലാവസ്ഥയും വായു ഗുണനിലവാരവും പരിസ്ഥിതി ശുചിത്വവുമെല്ലാം രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തുന്ന ഘടകങ്ങളാണെന്ന് യുഎഇയില്‍ നിന്നുള്ള ബയേഴ്‌സ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ക്ലയന്റുകളെ കേരളത്തിലെ ആയുര്‍വേദ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കെടിഎം പോലുള്ള പരിപാടികള്‍ പ്രയോജനപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.


ആയുര്‍വേദ- വെല്‍നസ് ടൂറിസം മേഖലയില്‍ കേരളം കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന ഘട്ടമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ലോകമെമ്പാടും ഹെല്‍ത്ത് ടൂറിസത്തിന് പ്രചാരമേറുകയാണെന്നും അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രധാന ലക്ഷ്യസ്ഥാനമായ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ടൂറിസത്തെ ടൂറിസം നയത്തിലെ ഒരു പ്രത്യേക മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയെ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയ സംരംഭങ്ങളും പുറത്തിറക്കി. ‘കേരള ഹോം ഓഫ് ആയുര്‍വേദ’ എന്ന പേരില്‍ ആഗോള തലത്തില്‍ കേരളത്തെയും ഇവിടത്തെ ആയുര്‍വേദ സമ്പ്രദായത്തെയും വെല്‍നസ് ടൂറിസത്തെയും അടയാളപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 ഈ പശ്ചാത്തലത്തില്‍ കെടിഎമ്മിലെ വിദേശ പ്രതിനിധികള്‍ സംസ്ഥാനത്തെ ആയുര്‍വേദ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം നല്ല സൂചനയാണ് കാണിക്കുന്നതെന്നാണ് കെടിഎമ്മിലെ കേരളത്തില്‍ നിന്നുള്ള സെല്ലേഴ്‌സ് പ്രതിനിധികളുടെ അഭിപ്രായം.

രാജ്യത്തെ മുന്‍നിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിമൂന്നാം പതിപ്പിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം സംരംഭകരുടെ 383 സെല്ലര്‍ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 വരെയാണ് കെടിഎം നടക്കുന്നത്.

Get more updates from Pudukad News on Google