പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാന്‍ ഉത്തരവിട്ട് യുഎസ് ഫെഡറല്‍ ജഡ്ജി. ഈ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കുമേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധം

Current: മലയാളം

വാഷിംഗ്ടന്‍: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാന്‍ യുഎസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.
ഈ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കുമേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജഡ്ജിയുടെ ഉത്തരവ്. മാധ്യമങ്ങളുമായുള്ള പോരാട്ടങ്ങളില്‍ ട്രംപിന് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടിയാണിത്.
ട്രംപ് സെപ്റ്റംബര്‍ 18ന് പ്രഖ്യാപിച്ച വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടിം കെല്ലി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ് പാസുകള്‍ ഉടന്‍ തിരികെ നല്‍കാനും, അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പിലാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയാനും ജഡ്ജി ഉത്തരവിട്ടു.
സുരക്ഷാ കാരണങ്ങളാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന സര്‍ക്കാരിന്റെ വാദം ജഡ്ജി തള്ളി. മാധ്യമ വാര്‍ത്തകളില്‍ വസ്തുതാന്വേഷണത്തിന്റെ കുറവും നിഷേധാത്മകതയുമാണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നതായും ജഡ്ജി ചൂണ്ടിക്കാട്ടി.
മുന്‍കൂട്ടി അറിയിപ്പുകളോ മറുപടി നല്‍കാനുള്ള അവസരമോ നല്‍കാതെ മാധ്യമപ്രവര്‍ത്തകരുടെ പാസുകള്‍ റദ്ദാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്ന് മാധ്യമങ്ങളുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.




