"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിമർശനം രാഷ്ട്രീയമല്ല, പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എം എം കാരശ്ശേരി

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

റിയാദ്: ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ റിഫയുടെ നേതൃത്വത്തിൽ റിഫ അൽമാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക വേദിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം. എം. കാരശ്ശേരി മാഷുമായി റിയാദിലെ പൊതുസമൂഹം മുഖാമുഖം നടത്തി.

നിബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കലാ-സാംസ്കാരിക, മാധ്യമ, സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. സമകാലിക സാമൂഹിക സാഹചര്യങ്ങൾ, മതം, സംസ്കാരം, ചരിത്രം, ലഹരി, പുരുഷാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കാരശ്ശേരി വിശദമായ പ്രതികരണങ്ങൾ നടത്തി.

പഴയ തലമുറയിലെ സാംസ്കാരിക നായകരുടെ പ്രവർത്തനങ്ങളും അതത് കാലഘട്ടങ്ങളിലെ സാമൂഹിക ഇടപെടലുകളും ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. വിവിധ മതഗ്രന്ഥങ്ങളിലെ ചരിത്ര പരാമർശങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ നീതിബോധവും സത്യസന്ധതയും അദ്ദേഹം ചർച്ചയിൽ പരാമർശിച്ചു.

മതത്തിന്റെ പേരിലുള്ള ധ്രുവീകരണ പ്രവണതകളെക്കുറിച്ചും കാരശ്ശേരി വിമർശനാത്മകമായി സംസാരിച്ചു. മതം ലഹരിക്ക് സമാനമായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും മനുഷ്യരുടെ ഭക്ഷണശീലങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പോലും മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന പ്രവണതകൾ സമൂഹം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗം യുവതലമുറ നേരിടുന്ന വലിയ സാമൂഹിക വെല്ലുവിളിയാണെന്നും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിവസ്തുക്കളുടെ അടിമകളാക്കുന്ന സാഹചര്യങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചും മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലുമുള്ള അധികാരഘടനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിമർശനം ഉന്നയിക്കുന്നതിന് മുമ്പ് വിഷയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.

മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് കാരശ്ശേരി മറുപടി നൽകി.

കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് പിണറായി വിജയൻ സർക്കാരിനെ ശക്തമായി വിമർശിച്ചിരുന്ന കാരശ്ശേരി, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി. ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾ എങ്ങനെയായിരിക്കുമെന്നും റിയാദിലെ സി.പി.എം അനുകൂല സംഘടനയായ നവോദയയുടെ വക്താവ് സുധീർ ചോദിച്ചു.

ഇതിന് മറുപടിയായി, സർക്കാർ ഏതായാലും മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരായാലും പ്രവർത്തനങ്ങളിൽ തെറ്റ് കണ്ടാൽ വിമർശിക്കുക എന്നത് തന്റെ നിലപാടാണെന്ന് കാരശ്ശേരി പറഞ്ഞു. വിമർശനത്തിന് രാഷ്ട്രീയം നോക്കാറില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“വിമർശിക്കാനായി ആരുടെയും അനുവാദം ആവശ്യമില്ല. നല്ലത് ചെയ്യുന്നവരെ നല്ലതെന്ന് തന്നെ പറയുകയും ചെയ്യും,” എന്ന നിലപാടും കാരശ്ശേരി വ്യക്തമാക്കി.

വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി നടന്ന മുഖാമുഖം പരിപാടി ശ്രദ്ധേയമായി.

Get more updates from Pudukad News on Google