സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്: VD സതീശൻ സർക്കാരിൻ്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണം, രാവിലെ 7 മുതൽ വോട്ടെടുപ്പ് ആരംഭിച്ചു | Local Body By Elections

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ തുടരും. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ ബലപരീക്ഷണമായതിനെ തുടർന്ന് അത്യന്തം ഗൗരവത്തോടെയാണ് മുന്നണികൾ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.(Local Body By Elections In 38 Wards Across Kerala Voting Commences Today)
എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവടങ്ങളിലാണ് ഇക്കുറി വോട്ടെടുപ്പ് നടക്കുന്നത്. എട്ട് തദ്ദേശീയ വാർഡ് പ്രതിനിധികൾ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.
പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20 അംഗത്തിന്റെ രാജി നിർബന്ധമാക്കിയ ഉപതിരഞ്ഞെടുപ്പും ശ്രദ്ധേയമാണ്. മത്സരം നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അധികാരം നേടി മൂന്ന് മാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിന് ജനപ്രീതി തെളിയിക്കേണ്ടത് അനിവാര്യമായപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന എൽഡിഎഫിന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണിത്.
പവർകട്ട് ഉൾപ്പെടെയുള്ള പൊതുജന വിഷയങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകളെ ചൊല്ലിയുള്ള വിവാദങ്ങളും ആയുധമാക്കിയാണ് മുന്നണികൾ പ്രചാരണം പൂർത്തിയാക്കിയത്. ബിജെപിയുടെ എൻഡിഎ മുന്നണിയും ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട്.
Story Summary
Voting for 38 local body wards in Kerala has commenced today, serving as the first major electoral test for the newly formed UDF government. The by-elections were necessitated as eight local body members were recently elected to the Legislative Assembly, alongside vacancies in various grama, block, and district panchayats.




