"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

10 വർഷത്തെ സ്വത്ത് കണക്കുകൾ പരിശോധിക്കും; ആലപ്പുഴയിൽ സി.പി.എം നേതാക്കളുടെ സ്വത്തുവിവരങ്ങൾ തേടുന്നു. ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ ഘടകം വരെയുള്ള നേതാക്കൾ മൂന്ന് മാസത്തിനകം വിവരങ്ങൾ പാർട്ടിക്ക് കൈമാറണം.

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ജില്ല കമ്മിറ്റി അംഗങ്ങൾ മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾവരെയുള്ളവരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കാൻ സി.പി.എം തീരുമാനം.


കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം. മൂന്നു മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ പാർട്ടിയെ അറിയിക്കണം. തെറ്റ് കണ്ടെത്തിയാൽ നടപടിയുമുണ്ടാകും.


പൂർണസമയ പ്രവർത്തകർക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം ഉറപ്പുവരുത്തും. രണ്ട് ദിവസമായി നടന്നുവന്ന സി.പി.എം വിപുലീകൃത ആലപ്പുഴ ജില്ല കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ല സെക്രട്ടറി ആർ. നാസറാണ് പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികൾ വിശദീകരിച്ചത്.

പാർട്ടിയുടെ പല ഏരിയ-ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും സംഘടനാപരമായ ദൗർബല്യങ്ങൾ നിലനിൽക്കുന്നു. പാർട്ടി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നില്ല. കൂട്ടായി പ്രവർത്തിക്കുന്നില്ല. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സമീപനം ചില സഖാക്കളിൽനിന്ന് ഉണ്ടായില്ല. ഇത്തരം കാര്യങ്ങളിൽ തിരുത്തലുണ്ടാകും.


ഏറെ പാർട്ടി അംഗങ്ങൾ സജീവമല്ല. അവർക്ക് പ്രത്യയശാസ്ത്ര കാഴ്ചപ്പാട് പകർന്നുനൽകാനും സജീവമാക്കാനും ശ്രമിക്കും. അവരെ നല്ല കമ്യൂണിസ്റ്റുകാരാക്കാനും നടപടി സ്വീകരിക്കും. പാർട്ടി അധികാരത്തിലിരുന്ന 10 വർഷങ്ങളിൽ ചില സഖാക്കളുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നെന്ന വിമർശനം ഉയർന്നിട്ടുണ്ട്. വർഗ ബഹുജന സംഘടന പ്രവർത്തകരെ ആകർഷിക്കാനുള്ള കർമപരിപാടികൾ നടപ്പാക്കും.


ജി. സുധാകരൻ പാർട്ടിയിൽനിന്ന് വിട്ടുപോയി എതിരാളികളുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർട്ടിക്കുണ്ടായ ദൗർബല്യമാണ്. അത്തരക്കാർ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി ചെറുക്കും. ബുദ്ധിമാനായ കമ്യൂണിസ്റ്റുകാരൻ സ്വീകരിച്ച അവസരവാദപരമായ നടപടിയാണ് ജി. സുധാകരന്‍റേത്.

പാർട്ടി അംഗത്വം പുതുക്കാതെ വിട്ടുനിന്നതുതന്നെ എതിരാളികളുമായി ചേർന്ന് മത്സരിക്കാനായിരുന്നു. മതവിശ്വാസികളെ വർഗീയചേരിയിൽ അണിനിരത്താനുള്ള നീക്കത്തെ ചെറുക്കാൻ വിശ്വാസിസമൂഹത്തെ ചേർത്തുനിർത്തുമെന്നും ആർ. നാസർ പറഞ്ഞു.

Get more updates from Pudukad News on Google