ഓൺലൈൻ പ്ലാറ്റ്ഫോം നിയന്ത്രണ ചട്ടത്തിലെ 15-ാം വകുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി; തലാബാത്തിന് അനുകൂല വിധി

Current: മലയാളം

കുവൈത്ത്: കുവൈത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം നിയന്ത്രണ ചട്ടത്തിലെ 15-ാം വകുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി. പ്രമുഖ ഭക്ഷ്യ-ഉൽപ്പന്ന വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘തലാബാത്ത്’ നൽകിയ ഹർജിയിലാണ് സ്ഥാപനത്തിന് അനുകൂലമായി കോടതിയുടെ നിർണായക വിധി.
സേവനങ്ങൾ നിയന്ത്രിക്കാനും നിയമം നടപ്പാക്കുന്നതിനുമുള്ള തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ മന്ത്രിക്ക് അധികാരമുണ്ടെങ്കിലും, വ്യക്തമായ നിയമ പിൻബലമില്ലാത്ത ശിക്ഷാ സ്വഭാവമുള്ള ഭരണനടപടികൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് ജാസിം ബഹ്മൻ അധ്യക്ഷനായ ഭരണകോടതി വ്യക്തമാക്കി.
2026 ജൂലൈ 8-ന് വാണിജ്യ-വ്യവസായ മന്ത്രി പുറപ്പെടുവിച്ച 109/2026 നമ്പർ തീരുമാന പ്രകാരം, ചട്ടലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകൽ, ഭരണപരമായ അടച്ചുപൂട്ടൽ, പ്രവർത്തനം നിർത്തിവെക്കൽ, താൽക്കാലികമായി പ്ലാറ്റ്ഫോം തടയൽ, ലൈസൻസ് റദ്ദാക്കൽ, സ്ഥിരമായ വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയ ശിക്ഷാ നടപടികളാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഈ വകുപ്പുകളാണ് കോടതി റദ്ദാക്കിയത്.
ഇത്തരം ശിക്ഷാ നടപടികൾ നിയമനിർമാണ സഭയാണ് വ്യക്തമായി നിശ്ചയിക്കേണ്ടതെന്നും, നടപ്പാക്കൽ ചട്ടം വഴി മന്ത്രാലയങ്ങൾക്ക് പുതിയ ശിക്ഷാ സംവിധാനങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
മറ്റ് നിയമങ്ങളിൽ സമാന വ്യവസ്ഥകളുണ്ടെന്ന മന്ത്രാലയത്തിന്റെ വാദവും കോടതി തള്ളി. വ്യത്യസ്ത മേഖലകളെ നിയന്ത്രിക്കുന്ന നിയമങ്ങളുമായി താരതമ്യം ചെയ്ത് അധികാരം കണ്ടെത്താനാവില്ലെന്നും ഭരണാധികാരം വ്യക്തമായ നിയമവ്യവസ്ഥയിൽ ഊന്നിയുള്ളതായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചട്ടത്തിലെ 15-ാം വകുപ്പ് അധികാരപരിധി ലംഘിച്ച് പുറപ്പെടുവിച്ചതാണെന്ന് കണ്ടെത്തിയ കോടതി, കേസിന്റെ ചെലവുകളും ഹർജിക്കാരന്റെ അഭിഭാഷക ഫീസും സർക്കാർ വഹിക്കണമെന്നും ഉത്തരവിട്ടു.




