"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാതൃകയായി കേരള അസോസിയേഷനും ബിഡികെ കുവൈറ്റും; കുവൈറ്റിൽ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈറ്റ്: മനുഷ്യത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കേരള അസോസിയേഷൻ കുവൈറ്റും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 5 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിലേക്ക് പ്രവാസി സമൂഹത്തിൽ നിന്ന് വലിയ തോതിലുള്ള പങ്കാളിത്തവും പിന്തുണയുമാണ് ലഭിച്ചത്.

കുവൈറ്റിലെ രക്തശേഖരത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും കുവൈറ്റ് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചുമാണ് ഈ ജീവകാരുണ്യ സംരംഭം ഒരുക്കിയത്.

കേരള അസോസിയേഷൻ കുവൈറ്റ് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനത്തിനായി മുന്നോട്ടുവന്ന മുഴുവൻ രക്തദാതാക്കളെയും സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ സാമൂഹിക സംഘടനകൾ കൈകോർക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.

തുടർന്ന്  കേരള അസോസിയേഷൻ ജനറൽ കോർഡിനേറ്റർ മണിക്കുട്ടൻ എടക്കാട്ട് ,ബിഡികെ പ്രതിനിധി മനോജ് മാവേലിക്കര എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. രക്തദാതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള അസോസിയേഷൻ കുവൈറ്റ് ട്രഷറർ അനിൽ കെ.ജി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിനും പുതിയ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പ്  വേദിയായി മാറി. കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, പ്രഫിൻ ദാസ്, സലീൽ മുഹമ്മദ് , അമൃത് സെൻ, സ്റ്റെല്ലസ് ജോസഫ് , ജിജു ചാക്കോ, ബൈജു തോമസ്, ബിനോയ് രാഘവൻ, സ്റ്റീഫൻ അടൂർ എന്നിവർക്കൊപ്പം ബിഡികെ കുവൈറ്റ് ചാപ്റ്റർ പ്രവർത്തകരും ചേർന്ന് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഭാവിയിലും കുവൈറ്റിലെ രക്തശേഖരത്തിന് പൂർണ്ണ പിന്തുണ നൽകുന്നതിനും ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് കേരള അസോസിയേഷനും ബിഡികെ കുവൈറ്റും സംയുക്തമായി അറിയിച്ചു.

വരും ദിവസങ്ങളിലും രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് 69997588 എന്ന നമ്പറിൽ ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.

Get more updates from Pudukad News on Google