മോര്‍ച്ചറി ഫ്രീസറുകള്‍ കേടായിട്ട് രണ്ടാഴ്ച: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാനോ പോസ്റ്റുമോര്‍ട്ടം ചെയ്യാനോ സാധിക്കുന്നില്ല. ആശുപത്രിയില്‍ എച്ച്.എം.സി ചേരുന്നില്ലെന്ന് ആക്ഷേപം. എത്രയും വേഗം ഫ്രീസറുകളുടെ തകരാറുകള്‍ പരിഹരിച്ച് ഇവ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ആശുപത്രി അധികൃതര്‍

Current: മലയാളം

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലെ നാലു ഫ്രീസറുകളും തകരാറിലായിട്ടു രണ്ടാഴ്ച പിന്നിടുന്നു. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിക്കാനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കോ സാധിക്കുന്നില്ല.
നിലവില്‍ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ 35 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജിലേക്കോ അല്ലെങ്കില്‍ സമീപത്തെ സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറികളിലേക്കോ മാറ്റേണ്ട ഗതികേടിലാണു ബന്ധുക്കള്‍.
വൈക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ മരണങ്ങള് കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മോര്‍ച്ചറി സംവിധാനം അവതാളത്തിലായതു സാധാരണക്കാരായ ആളുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുന്നുണ്ടെന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, മൃതദേഹം ആദ്യം കോട്ടയത്തെ മോര്‍ച്ചറിയില്‍ കൊണ്ടുപോയി സൂക്ഷിച്ച ശേഷം തിരികെ വൈക്കത്തെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട അവസ്ഥയാണ്.
ഉറ്റവര്‍ നഷ്ടപ്പെട്ട സങ്കടത്തിനിടയില്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ ഓടേണ്ടി വരുന്നത് ബന്ധുക്കള്‍ക്ക് വലിയ മാനസികവിഷമവും അധിക സാമ്പത്തിക ബാധ്യതയുമാണു വരുത്തിവെക്കുന്നത്. നഗരസഭാ ഭരണസമിതിയുടെയും ആശുപത്രി അധികൃതരുടെയും കെടുകാര്യസ്ഥതയാണു പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.
പുതിയ കൗണ്‍സില്‍ വന്നതിനുശേഷം നിയമപരമായി എച്ച്.എം.സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി) രൂപീകരിച്ചിട്ടില്ലെന്നും കഴിഞ്ഞ എട്ടു മാസമായി എച്ച്.എം.സി യോഗം ചേരുന്നില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
അതേസമയം, മോര്‍ച്ചറിയിലെ ഫ്രീസറുകളുടെ തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഫ്രീസറുകള്‍ ശരിയാക്കുന്നതിനായി നല്‍കിയിട്ടുണ്ടെന്നും എത്രയും വേഗം തകരാറുകള്‍ പരിഹരിച്ച് ഇവ പ്രവര്‍ത്തനക്ഷമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.




