അയർലണ്ടിലെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം :ഡ്രംക്രീയില്‍ പരേഡ് തടഞ്ഞു

Current: മലയാളം

പോര്‍ട്ടഡൗണ്‍: ഇരുപത്തിയെട്ടു വര്‍ഷമായി അടഞ്ഞുകിടന്ന ഒരു പരേഡ് വഴിയെച്ചൊല്ലി വടക്കന്‍ അയര്‍ലണ്ടില്‍ കത്തോലിക്കരും ,പ്രൊട്ടസ്റ്റന്റുകാരും വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ഡ്രംക്രീ പള്ളിയില്‍നിന്ന് മടങ്ങുന്ന ഓറഞ്ച് ഓര്‍ഡര്‍ അംഗങ്ങള്‍ക്ക് ഗാര്‍വഗി റോഡിലൂടെ മാര്‍ച്ച് നടത്താന്‍ പരേഡ് കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും ഞായറാഴ്ച നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പരേഡ് ആ വഴിയിലൂടെ നടന്നില്ല.
സാധാരണയായി എല്ലാ വര്‍ഷവും ജൂലൈ 12ന് മുമ്പുള്ള ഞായറാഴ്ചയാണ് പോര്‍ട്ടഡൗണിലെ ഓറഞ്ച് ഓര്‍ഡര്‍ അംഗങ്ങള്‍ ഡ്രംക്രീ പള്ളിയിലേക്ക് പോകുന്നത്. 1690 ജൂലൈ 12, ന് ബോയ്ന്‍ യുദ്ധത്തില്‍ വില്യം ഓഫ് ഓറഞ്ച് നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിവസമാണ്. ഈ വര്‍ഷത്തെ പതിവ് ജൂലൈ പരേഡിനു പുറമേ, വിവാദമായ വഴിയിലൂടെ പോകാന്‍ സെപ്റ്റംബര്‍ 27ന് പ്രത്യേക അനുമതി തേടിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.
തിങ്കളാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞതോടെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടുണ്ട്,. പ്രശ്‌നപരിഹാരത്തിനായി താമസക്കാരുടെ പ്രതിനിധികള്‍ വടക്കന്‍ അയര്‍ലന്‍ഡ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായും ചര്‍ച്ച നടത്താനിരിക്കുകയാണ്.
എന്താണ് ഡ്രംക്രീ പരേഡ്?
പോര്‍ട്ടഡൗണിലെ ഡ്രംക്രീ പള്ളിയിലെ ആരാധനയ്ക്കുശേഷം പ്രൊട്ടസ്റ്റന്റ് സംഘടനയായ ഓറഞ്ച് ഓര്‍ഡര്‍ നടത്തുന്ന പരമ്പരാഗത മടക്കയാത്ര പ്രോസഷനാണ് ഡ്രംക്രീ പരേഡ്. അവര്‍ ആവശ്യപ്പെടുന്ന വഴി പ്രധാനമായും കത്തോലിക്കരും ഐറിഷ് ദേശീയവാദികളും താമസിക്കുന്ന ഗാര്‍വഗി റോഡിലൂടെയാണ്. ആ വഴി ഉപയോഗിക്കുന്നത് തങ്ങളുടെ പരമ്പരാഗത അവകാശമാണെന്ന് ഓര്‍ഡര്‍ പറയുന്നു. എന്നാല്‍, തങ്ങളുടെ പ്രദേശത്തിലൂടെ സമ്മതമില്ലാതെ പരേഡ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് താമസക്കാരായ കത്തോലിക്കരുടെ നിലപാട്. തൊണ്ണൂറുകളില്‍ ഈ തര്‍ക്കം വലിയ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിവച്ചതിനെത്തുടര്‍ന്ന് 1998 മുതല്‍ ഗാര്‍വഗി റോഡിലൂടെയുള്ള പരേഡിന് അനുമതി നിഷേധിച്ചു വരികയായിരുന്നു.
ഇപ്പോള്‍ തര്‍ക്കം വീണ്ടും ഉയര്‍ന്നതെങ്ങനെ? ഈ വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിലെ നടപടിക്രമത്തില്‍ പിഴവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 27ന് പരിമിതമായ പരേഡ് നടത്താന്‍ ഓറഞ്ച് ഓര്‍ഡര്‍ പുതിയ അപേക്ഷ നല്‍കി. പരേഡ് കമ്മിഷന്‍ 35 പേര്‍ക്ക് മാത്രം, വാദ്യമേളമോ അനുയായികളോ ഇല്ലാതെ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കി. താമസക്കാര്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തു. ശനിയാഴ്ച അനുമതി താല്‍ക്കാലികമായി തടഞ്ഞെങ്കിലും രാത്രിയിലുണ്ടായ തുടര്‍വാദങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് നടത്താനുള്ള അനുമതി നിലനിന്നു.
കോടതി വഴി തുറന്നെങ്കിലും ഞായറാഴ്ച ഗാര്‍വഗി റോഡില്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട പ്രതിഷേധക്കാര്‍ നിറഞ്ഞു. ഓറഞ്ച് ഓര്‍ഡര്‍ അംഗങ്ങള്‍ ഡ്രംക്രീ പള്ളിക്കരികില്‍ കാത്തുനിന്നു; അവര്‍ക്ക് പ്രോസഷനായി റോഡില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പരേഡിനെ പിന്തുണക്കുന്ന യൂണിയനിസ്റ്റ് നേതാക്കളും അതിനെ എതിര്‍ക്കുന്ന ഐറിഷ് ദേശീയവാദി നേതാക്കളും തമ്മിലുള്ള വാക്കേറ്റവും തുടരുകയാണ്.
കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭജനവും തര്‍ക്കങ്ങളും
അയര്‍ലണ്ടിലെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭജനവും തര്‍ക്കങ്ങളും പതിനാറാം നൂറ്റാണ്ടിലെ മതപരിഷ്‌കരണകാലം മുതല്‍ രൂപപ്പെട്ടതാണ്. പതിനേഴാം നൂറ്റാണ്ടില്‍ അള്‍സ്റ്ററിലേക്ക് ബ്രിട്ടനില്‍നിന്നുള്ള പ്രൊട്ടസ്റ്റന്റ്കാരുടെ കുടിയേറ്റവും ഭൂമി, അധികാരം എന്നിവയെച്ചൊല്ലിയ സംഘര്‍ഷങ്ങളും അതിനെ രൂക്ഷമാക്കി. പ്രൊട്ടസ്റ്റന്റുകാര്‍ ബ്രിട്ടന്റെ പിന്‍ബലത്തില്‍ അധികാരവും ,ഭൂമിയും പിടിച്ചെടുത്തു.
പിന്നീട് വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ തുടരണോ,പിന്നീട് രൂപപ്പെട്ട റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടുമായി ഒന്നിക്കണോ എന്ന രാഷ്ട്രീയ ചോദ്യവും ഈ വിഭജനവുമായി ചേര്‍ന്നു.
കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും പൊതുവെ ഐക്യത്തിലാണെങ്കിലും ഡ്രംക്രീ പോലുള്ള സ്ഥലങ്ങളില്‍ പഴയ അക്രമങ്ങളുടെ ഓര്‍മയും പരേഡ് വഴിയെച്ചൊല്ലിയ അഅനൈക്യവും നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സംഘര്‍ഷത്തെ ജനങ്ങള്‍ പഴയ മത-രാഷ്ട്രീയ വിഭജനത്തിന്റെ തുടര്‍ച്ചയായി കാണുന്നുവെന്നതാണ് ഡ്രംക്രീ സംഭവത്തിന് ലഭിക്കുന്ന പ്രാധാന്യത്തിന്റെ സൂചനകള്‍.




