ബൈഡന്റെ ഇവി നയങ്ങൾക്ക് വിരാമം; കാർ വില കുറയ്ക്കാൻ പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങളുമായി ട്രംപ്

Current: മലയാളം

വാഷിങ്ടൻ: മുൻ ബൈഡൻ ഭരണകൂടത്തിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയങ്ങൾക്ക് വിരാമമിട്ട് പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. കാർ വില കുറയ്ക്കാനും അമേരിക്കൻ വാഹന നിർമാണ മേഖലയെ ശക്തിപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ വാഹന നിർമാണ ചെലവ് കുറയ്ക്കുമെന്നും അമേരിക്കൻ കുടുംബങ്ങൾക്ക് പുതിയതും സുരക്ഷിതവുമായ കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. മിഷിഗൺ, ഒഹായോ, ഇന്ത്യാന, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ നിർമാണ യൂണിറ്റുകളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ പുതിയ നയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനറൽ മോട്ടോഴ്സ്, ഫോർഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ കമ്പനികൾ അമേരിക്കയിൽ ഉൽപാദനം വ്യാപിപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ, നയമാറ്റം ഇന്ധനച്ചെലവ് വർധിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2050-ഓടെ ഇന്ധന ഉപഭോഗത്തിൽ വലിയ വർ)നവുണ്ടാകുമെന്നും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 5 ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പുതിയ ചട്ടങ്ങൾ നടപ്പിലാകുന്നതോടെ കാറുകളുടെ പ്രാരംഭ വിലയിൽ ഏകദേശം 930 ഡോളർ വരെ കുറവുണ്ടാകുമെന്നാണ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (എൻഎച്ച്ടിഎസ്എ) വിലയിരുത്തൽ.




