പഴയ വാഹനങ്ങൾക്കും ഇനി എച്ച്എസ്ആർപി എളുപ്പത്തിൽ സ്വന്തമാക്കാം; സിയാം വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം, കാറുകൾക്ക് 600 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും

Current: മലയാളം

പഴയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം).
സിയാമിന്റെ വെബ്‌സൈറ്റ് മുഖേന എച്ച്എസ്ആർപി രജിസ്‌ട്രേഷൻ എന്ന ഓപ്ഷൻ വഴി പഴയ വാഹന ഉടമകൾക്ക് ഓൺലൈനായി നമ്പർ പ്ലേറ്റ് ബുക്ക് ചെയ്യാം. ഇടനിലക്കാരുടെ ചൂടൂഷണമില്ലാതെ കുറഞ്ഞ ചെലവിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
2019 ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യയിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് എച്ച്എസ്ആർപി നിർബന്ധമാക്കിയിരുന്നെങ്കിലും, പിന്നീട് പഴയ വാഹനങ്ങൾക്കും ഇത് ബാധകമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
സിയാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.siam.in വഴി എച്ച്എസ്ആർപി ബുക്ക് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിന്റെ വലതുവശത്തായി നൽകിയിട്ടുള്ള ‘ബുക്ക് എച്ച്എസ്ആർപി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകണം.
വാഹന ഉടമയുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, ഇ-മെയിൽ, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, നഗരം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ നൽകേണ്ടത്. ഈ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ തുറന്നുവരുന്ന അടുത്ത പേജിൽ വാഹനത്തിന്റെ ക്ലാസ്, നിർമാതാവിന്റെ പേര് എന്നിവ നൽകുക. തുടർന്ന് നമ്പർ പ്ലേറ്റ് ഏത് ഡീലറുടെ അടുത്തുനിന്നാണ് ഘടിപ്പിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാം. ഇതിനുശേഷമുള്ള നിശ്ചിത ഫീസ് ഓൺലൈനായി അടച്ച്, മൊബൈലിൽ ലഭിക്കുന്ന ഒ ടി പി നൽകി അപേക്ഷ നടപടികൾ പൂർത്തിയാക്കാം.
കാറുകൾ ഉൾപ്പെടുന്ന എൽ എം വി വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ഒരു സെറ്റ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുള്ള ചാർജുകൾ ഉൾപ്പെടെ 600 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയും നികുതിയുമാണ് ഫീസ് വരുന്നത്. അപേക്ഷ പൂർത്തിയായാൽ ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ എസ്എംഎസ് ആയി ലഭിക്കും. നമ്പർ പ്ലേറ്റ് ഡീലർഷിപ്പുകളിൽ എത്തുമ്പോഴും ഉടമയ്ക്ക് വിവരം ലഭിക്കും.




