"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി | KIMSHEALTH

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

KIMSHEALTH

തിരുവനന്തപുരം, സെപ്റ്റംബർ 29, 2026: ജന്മനാ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി (KIMSHEALTH). പദ്ധതിയുടെ ഭാഗമായി 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ജന്മനാ ഉള്ള ഹൃദ്രോഗങ്ങളുടെ പരിശോധന, ശസ്ത്രക്രിയ, തുടർപരിചരണം എന്നിവ കിംസ്ഹെൽത്തിൽ പൂർണമായും സൗജന്യമായി ലഭ്യമാകും.

ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച ‘ഹാർട്ട് ടു ഹാർട്ട്’ പരിപാടിയുടെയും ഹൃദ്യം പദ്ധതിയിലെ ആശുപത്രിയുടെ പങ്കാളിത്തത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് നിർവഹിച്ചു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കുട്ടികളിലെ ജന്മനാ ഹൃദ്രോഗങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നമായി തുടരുകയാണെന്നും നേരത്തെയുള്ള രോഗനിർണ്ണയവും കൃത്യമായ ചികിത്സയും കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ആധുനിക ചികിത്സാ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഭൂരിഭാഗം ഹൃദ്രോഗങ്ങളും വിജയകരമായി ചികിത്സിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദ്യം പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ അർഹരായ എല്ലാ കുട്ടികൾക്കും കിംസ്ഹെൽത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും ഡോ. സഹദുള്ള കൂട്ടിച്ചേർത്തു.

ആരോഗ്യരംഗത്തെ അവബോധം വർധിക്കുന്നതിനൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങളിലേക്കുള്ള ലഭ്യതയും വർധിച്ചുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച മേയർ അഡ്വ. വി.വി. രാജേഷ് പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിലൂടെ തിരുവനന്തപുരം ആരോഗ്യപരിചരണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്ന പ്രധാന നഗരമായി തിരുവനന്തപുരം മാറിയെന്നും മേയർ കൂട്ടിച്ചേർത്തു.

കിംസ്ഹെൽത്ത് സംഘടിപ്പിച്ച ‘2000 ഇ.സി.ജി ഡ്രൈവ്’ പരിപാടിയിൽ പങ്കെടുത്ത സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ സംഘടിപ്പിച്ച വാക്കത്തോൺ ട്രാൻസ്‌പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ് സ്വാഗതം പറഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ധീൻ ഹൃദയ ദിന സന്ദേശം നൽകി. പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണൻ നന്ദി രേഖപ്പെടുത്തി.

Story Summary:
KIMSHEALTH has joined the Kerala government’s Hridyam scheme to provide free diagnosis, surgery and follow-up care for children up to 18 years of age with congenital heart diseases. The initiative was inaugurated in Thiruvananthapuram as part of the hospital’s World Heart Day programme.

Get more updates from Pudukad News on Google