വീട് ജപ്തി തടഞ്ഞെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം

Current: മലയാളം

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്.
മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം. മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.
മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം. ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു. ഇതിനിടെ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതാണ് ജപ്തി നടപടികളിലേക്ക് എത്തിയത്.




