യൂട്യൂബറുടെ വീട്ടിൽ കവർച്ച; 98 പവൻ സ്വർണവുമായി നാല് പേർ അറസ്റ്റിൽ | Nagercoil YouTuber house robbery

Current: മലയാളം

ചെന്നൈ: നാഗർകോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നാല് പേർ അറസ്റ്റിൽ (Nagercoil YouTuber house robbery). ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരടക്കം നാല് പേരെയാണ് പൊലീസ് പിടികൂടിയത്. കവർച്ച ചെയ്ത 98 പവൻ സ്വർണാഭരണങ്ങൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 24-നാണ് യൂട്യൂബർ വിനോദ് കുമാറിന്റെ വീട്ടിൽ മോഷണം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് പ്രതികൾ അകത്ത് കടന്നത്.
വീട്ടുകാർ ഷോപ്പിങ്ങിന് പോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോൾ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള സ്വർണ, വജ്രാഭരണങ്ങളും 50,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി 160 സി.സി.ടി.വി ദൃശ്യങ്ങളും 35 സി.ഡി.ആർ രേഖകളും പൊലീസ് പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
വിനോദ് കുമാറിന്റെ ഭാര്യ മധുമിതയാണ് പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ 4.5 ലക്ഷത്തോളം ഫോളോവേഴ്സുള്ള മധുമിത ആഡംബര ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. സ്വർണം, പണം, വജ്രാഭരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതായി പൊലീസ് പറയുന്നു.
സമൂഹമാധ്യമങ്ങളിലെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാകാം മോഷ്ടാക്കൾ വീടും വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങളും മനസ്സിലാക്കിയതെന്നാണ് പൊലീസിന്റെ സംശയം. റീലുകളിലൂടെയോ പോസ്റ്റുകളിലൂടെയോ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Summary:
Four people have been arrested in connection with the burglary at a YouTuber’s house in Nagercoil, with police recovering 98 sovereigns of stolen gold ornaments. Investigators examined CCTV footage and call detail records and are also checking whether the suspects monitored the family’s social media activity before carrying out the robbery.




